SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

ഓപ്പറേഷൻ കളിക്കളം, സ്പോർട്സ് കൗൺസിലിൽ വൻ ക്രമക്കേടുകൾ

vigilan
കാസർകോട് സ്പോർട്സ് കൗൺസിൽ വിജിലൻസ് സി.ഐ എം.വി ശ്രീദാസും സംഘവും റെയ്ഡ് നടത്തുന്നു

കാസർകോട്: സ്പോർട്സ് കൗൺസിലിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന വിവിധ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി കാസർകോട് നടന്ന റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങളും രേഖകളും. 'ഓപ്പറേഷൻ കളിക്കളം’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പൈക പദ്ധതി ഉൾപ്പെടെയുള്ള ഫണ്ട് വിനിയോഗം, മത്സരങ്ങളുടെ നടത്തിപ്പ്, അനധികൃത നിയമനങ്ങൾ, കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ്, സ്പോർട്സ് ഉപകരണങ്ങളുടെ പൂഴ്ത്തിവെപ്പ് തുടങ്ങിയ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ജില്ലാ ചാമ്പ്യൻഷിപ്പുകൾ നടത്താതെയും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയും ചിലരെ പണം വാങ്ങി സംസ്ഥാനതല മത്സരങ്ങളിലേക്ക് നേരിട്ട് അയച്ചതായി കണ്ടെത്തി. ഇതിന് പുറമെ പൈക പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടുകൾ കണ്ടെത്തി.

2025 സെപ്തംബർ 29ന് ചെറുവത്തൂരിൽ നടന്ന ജില്ലാ റവന്യൂ ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടാത്ത രണ്ടുപേരെ സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചതായി കണ്ടെത്തി. ക്യാഷ് ബുക്കും സ്റ്റോക്ക് രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും, വാങ്ങിയ സാധനങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ച സംഭവങ്ങളും രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള മൂന്ന് കുട്ടികൾക്ക് പരിശീലനത്തിനായി പ്രതിമാസം 1.5 ലക്ഷം രൂപ വീതം നൽകുന്ന തരത്തിൽ പരിശീലകരെ നിയോഗിച്ചതായും കണ്ടെത്തി.

വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരന്റെ നിർദ്ദേശ പ്രകാരം സി.ഐ എം.വി ശ്രീദാസ്, എസ്.ഐ രാധാകൃഷ്ണൻ, എ.എസ് ഐമാരായ ജയചന്ദ്രൻ, സന്തോഷ് ഡോൺ, റിജേഷ് തുടങ്ങിയ 15 അംഗ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

ബീച്ച് ഗെയിംസിലും പരിശോധന

ബീച്ച് ഗെയിംസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കുന്നുണ്ട്. 2025-ൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘കിക്ക് ഡ്രഗ്സ് – സേ യെസ് ടു സ്പോർട്സ്’ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചതായി വിവരമുണ്ട്. 2025 മേയ് അഞ്ചിന് കാസർകോട് നിന്നാണ് സംസ്ഥാനതല കിക്ക് ഡ്രഗ്സ് സന്ദേശയാത്ര ആരംഭിച്ചത്. 14 ജില്ലകളിലൂടെ സഞ്ചരിച്ച പരിപാടിയിൽ മിനി മാരത്തൺ, വാക്കത്തൺ, കായിക പ്രദർശനങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

കായികതാരങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, മത്സരങ്ങളുടെ നടത്തിപ്പ്, ഫണ്ട് വിനിയോഗം, പരിശീലനം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ മേഖലകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുടെ രേഖകളാണ് ശേഖരിച്ചത്. റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തി വിജിലൻസ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകും.

വി.കെ വിശ്വംഭരൻ, കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VIJILANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL