
'കരിമ്പുലി ' എന്ന സിനിമ കണ്ടിട്ടുണ്ടോ. കണ്ടിട്ടുള്ളവർ ചുരുക്കമാണ്. 1978ൽ ഇറങ്ങിയ ചിത്രമാണ്. തിക്കുറിശി സുകുമാരൻ നായരും ജോസ് പ്രകാശുമൊക്കെ തകർത്തഭിനയിച്ച ചിത്രം. സിനിമയുടെ പേരിലേയുള്ളു കരിമ്പുലി. സിനിമയിലില്ല. കാട്ടിലെ കഥയല്ലായിരുന്നു അത്. നാട്ടിലെ മനുഷ്യരുടെ പകയുടെ കഥയായിരുന്നു. അന്ന് ആളുകൾ കരിമ്പുലിയെക്കുറിച്ച് കേട്ടിട്ടേ ഉള്ളായിരുന്നു. പുലിവാഹനനായ അയ്യപ്പൻ വളർന്നത് നമ്മുടെ നാടായ പന്തളത്താണെങ്കിലും പുലിയെ കഥയിലേ ആളുകൾ വായിച്ചിരുന്നുള്ളു.
പുലിയും പുപ്പുലിയുമൊന്നും നാട്ടിൽ വരുമെന്ന് അന്നത്തെ മനുഷ്യർ സ്വപ്നത്തിൽ കരുതിയിരുന്നില്ല. കരിമ്പുലിയെ നേരിട്ട് കണ്ടത് പിന്നീട് ജമിനീ സർക്കസിലും ജംബോ സർക്കസിലുമാണ്. കറുകറാ കറുത്ത പുലി തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കിയപ്പോൾ സർക്കസ് കാണാനെത്തിയവർ വിരണ്ടു. അതുകണ്ട് പുലി മുരണ്ടു.
കാട്ടിലെ ഭീകരനായ കരിമ്പുലി ഇൗയിടെ നാട്ടിലെത്തി. കോന്നി കുളത്തുമണ്ണിൽ നാട്ടുകാരെ വിറപ്പിച്ച് വിലസിയിരുന്ന കരിമ്പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കരിമ്പുലിയെ നാട്ടുകാർ നേരിട്ടുകണ്ടു. കരിമ്പുലിക്കൊപ്പം സെൽഫിയെടുത്തു. കൂട്ടിലായതുകൊണ്ട് പുലി ഒരക്ഷരം മിണ്ടാതെ നാട്ടുകാർക്ക് പോസുചെയ്തുകൊടുത്തു.
കാട്ടിലെ കഥകളിൽ മാത്രം പണ്ട് കേട്ടിരുന്ന മൃഗങ്ങളൊക്കെ നാട്ടിലെ കുടികിടപ്പുകാരാവുകയാണ്. റാന്നി, കോന്നി താലൂക്കുകൾ ഉൾപ്പെട്ടെ മലയോര പ്രദേശങ്ങളിൽ പുലിയും കടുവയും കുടുംബസമേതം സ്ഥിരതാമസമാണ്. പഞ്ചായത്തിൽ നിന്ന് പെർമിഷൻ കിട്ടാത്തതുകൊണ്ട് വീടുവച്ച് താമസം തുടങ്ങിയിട്ടില്ല എന്നേയുള്ളു. കാട്ടാനയും കാട്ടുപന്നിയും ജനസംഖ്യയെക്കാൾ കൂടുതലാണെന്ന് തോന്നും. മലയോരത്ത് മാത്രമല്ല പത്തനംതിട്ട നഗരം പോലും കാട്ടുപന്നികളുടെ സ്വന്തമാണ്.
കാട്ടിലെ ഭീകരനായിരുന്ന പെരുമ്പാമ്പ് നടുറോഡിലൂടെ സർക്കീട്ട് നടത്തുന്നത് സ്ഥിരം കാഴ്ചയായി. കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചോടുന്ന മുള്ളൻ പന്നിയെ കണ്ടു. മയിലും കുരങ്ങനും കുറുക്കനും നാടോടുമ്പോൾ നടുവേ ഒാടാൻ വേറെയുണ്ട്. ചുരുക്കത്തിൽ കാട്ടിലെ താമസക്കാർ മുഴുവൻ നാട്ടിലേക്ക് വരികയാണ്. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൊക്കാത്തോട്ടിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിഞ്ഞുപോവുകയാണ്. ജീവനുംകൊണ്ട് സ്ഥലംവിടുന്നവർക്ക് സർക്കാർ പണം കൊടുക്കുന്നുണ്ട്. കാട്ടിൽ നിന്ന് നാട്ടിലേക്കുള്ള വന്യജീവികളുടെ കുടിയേറ്റം ഇനി കൂടിവരികയേയുള്ളു. ഇന്ന് ഞാൻ, നാളെ നീ എന്ന് പറയുംപോലെ ഇന്ന് കൊക്കാത്തോട്ടിൽ നിന്ന് ആളുകൾ ഒഴിയുന്നത് പോലെ നാളെ എവിടെ നിന്നൊക്കെ ഒഴിഞ്ഞുപോകേണ്ടി വരുമെന്ന് ആർക്കറിയാം. ജനാധിപത്യത്തിന് പകരം മൃഗാധിപത്യം വരുമോ എന്ന ചോദ്യം അത്ര തമാശയൊന്നുമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |