SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

20% മഴക്കുറവ്, പെയ്യാൻ മറന്ന് തുലാവർഷം

കൊല്ലം: മഴ ലഭ്യത കുറഞ്ഞതോടെ തുലാവർഷം ചതിച്ചോയെന്ന ആശങ്കയിലാണ് ജില്ലയിലെ കർഷകർ. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ആകെ മഴയുടെ കണക്കിൽ വലിയ കുറവാണുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം മഴ സാധാരണ നിലയിലാണെങ്കിലും ആഴ്ച തിരിച്ചുള്ള കണക്കുകളിൽ മഴക്കുറവ് പ്രകടമാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ ഇതുവരെ ലഭിച്ച യഥാർത്ഥ മഴ 357.8 മില്ലിമീറ്ററാണ്. സാധാരണ ലഭിക്കേണ്ടത് 442 മില്ലിമീറ്ററോളം. ഏകദേശം 19 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ഇത് 'സാധാരണ' മഴയുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ആഴ്ചയിലെ മഴലഭ്യതയിൽ വലിയ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വന്നിട്ടുണ്ട്. നേരത്തെ രണ്ട് ജില്ലകളിൽ മാത്രമായിരുന്നു മുന്നറിയിപ്പെങ്കിൽ പുതുക്കിയ റിപ്പോർട്ടിൽ കൊല്ലം ഉൾപ്പടെ ഏഴ് ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത.

ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കാനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

മഴ കണക്ക്

ആര്യങ്കാവ് -0.5

കൊല്ലം -5.0

പുനലൂ‌ർ -33.2

കാരുവേലിൽ -11.5

ചവറ-6.5

തെന്മല-2.5

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL