
കാഞ്ഞങ്ങാട്: ആവിക്കരയിലും വെള്ളരിക്കുണ്ടിലും110 കെ.വി സബ്‌സ്റ്റേഷൻ നിർമിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. മണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങളും നിലവിലുള്ള വൈദ്യുതി വിതരണവും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് ബോർഡ് നടപ്പിലാക്കാൻ പോകുന്ന പ്രവൃത്തികൾ അറിയിച്ചത്.
നിലവിൽ 110 കെ.വി മാവുങ്കാൽ സബ്‌സ്റ്റേഷനിൽനിന്നുള്ള 33 കെ.വി ലൈനിലൂടെയാണ് ബേളൂർ 33 കെ.വി സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഈ ലൈനിൽ ബദൽ വൈദ്യുതി വിതരണ സംവിധാനം ഒരുക്കുന്നതിനായി അമ്പലത്തറയിൽനിന്ന് ബേളൂരിലേക്ക് പുതിയ 33 കെ.വി ഫീഡർ നിർമ്മിക്കുന്നതിനുള്ള പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയിട്ടുണ്ട്. പ്രവൃത്തി എത്രയും വേഗം ആരംഭിക്കുമെന്ന് കാസർകോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പദ്ധതി പൂർത്തീകരിക്കുന്നതോടെ ഈ മേഖലകളിലെ വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനും വൈദ്യുതി തടസ്സങ്ങൾ കുറയ്ക്കാനും സാധിക്കും. ബേളൂർ 33 കെ.വി സബ്‌സ്റ്റേഷൻ 110 കെ.വി സബ്‌സ്റ്റേഷനായി ഉയർത്തുന്നതിനുള്ള നിർദ്ദേശവും വൈദ്യുതി ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്ന് ട്രാൻസ്മിഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ആവിക്കര, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ പുതുതായി ഓരോ 110 കെ.വി സബ്‌സ്റ്റേഷനും പടന്നക്കാട്, ചിത്താരി എന്നിവിടങ്ങളിൽ 33 കെ.വി സബ്‌സ്റ്റേഷനും സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും ബോർഡ് തലത്തിൽ പുരോഗമിക്കുന്നതായി യോഗത്തെ അറിയിച്ചു. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനത്തിന് കൂടുതൽ സ്ഥിരതയും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
25.97 കോടി രൂപയുടെ വികസനം
മണ്ഡലത്തിലെ വൈദ്യുതി വിതരണ മേഖലയിൽ 2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ 25.97 കോടി രൂപയുടെ 280 വികസന പ്രവൃത്തികൾ നടപ്പാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷമായ 2026-27ൽ ഏകദേശം 8.10 കോടി രൂപയുടെ 35 പ്രവൃത്തികൾ വിവിധ നിർവഹണ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ കേന്ദ്രാവിഷ്കൃത പദ്ധതിയായ റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീമിന് കീഴിൽ 33.50 കോടി രൂപയുടെ വൈദ്യുതി വികസന പ്രവൃത്തികളും പുരോഗമിക്കുന്നു. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണം, ശേഷിവർധന, വൈദ്യുതി തടസ്സങ്ങൾ കുറയ്ക്കൽ തുടങ്ങിയവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |