SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

വിപുലീകൃത ജില്ലാ കമ്മിറ്റി 15നും 16നും കാസർകോട് സി.പി.എമ്മും തിരുത്തൽ നടപടിക്ക്

cpm
സി.പി.എം

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കുന്നതിനും വോട്ട് ചോർച്ചയുണ്ടായതിനെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തുന്നതിനുമായി സി.പി.എം വിപുലീകൃത കാസർകോട് ജില്ലാ കമ്മിറ്റി യോഗം 15, 16 തീയതികളിൽ വിദ്യാനഗർ എ.കെ.ജി മന്ദിരത്തിൽ ചേരും.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ, സംഘടനാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിയിലേക്ക് ആവശ്യമായ തിരുത്തൽ നടപടികൾക്ക് രൂപം നൽകുകയും ചെയ്യും. പരാജയ കാരണങ്ങളും ചർച്ചയാകും.

ബംഗാളിലും കേരളത്തിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞ സെപ്തംബറിൽ ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാതലത്തിലെ യോഗങ്ങൾ. തുറന്ന ചർച്ചകളിലൂടെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തുന്നതിനാണ് ശ്രമം. ഇതോടൊപ്പം തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയും മണ്ഡലം തിരിച്ചുള്ള വോട്ടിലെ വ്യതിയാനങ്ങളും പരിശോധിക്കും.

നാളെ രാവിലെ 9.30ന് മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ പതാക ഉയർത്തും. തുടർന്ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ കരട് റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം റിപ്പോർട്ടിന്മേലുള്ള ചർച്ച ആരംഭിക്കും. 16ന് രാവിലെ ചർച്ചകൾ തുടരും. ചർച്ചയിൽ ഉയർന്നുവരുന്ന വിവിധ വിഷയങ്ങൾക്ക് നേതൃത്വത്തിന്റെ മറുപടിയുണ്ടാകും. തുടർന്ന് റിപ്പോർട്ടും ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമ്മപരിപാടിയും അംഗീകരിച്ച ശേഷമായിരിക്കും സമാപിക്കുക.

വിപുലീകൃത യോഗത്തിന്റെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 137 സ്ഥലങ്ങളിൽ ഇതിനോടകം ബഹുജന സംഗമങ്ങൾ സംഘടിപ്പിച്ചതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടുദിവസത്തെ പരിപാടികളിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. തോമസ് ഐസക്, പി. രാജീവ്, പി. സതീദേവി, ജോൺ ബ്രിട്ടാസ് എം.പി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ബിജു, എം.വി ജയരാജൻ, സജി ചെറിയാൻ, വി.എൻ വാസവൻ, പി ജയരാജൻ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു, സംഘാടക സമിതി ജനറൽ കൺവീനർ ടി.എം.എ കരീം എന്നിവർ പങ്കെടുത്തു.

25,000 പേർ പങ്കെടുക്കുന്ന റാലി
സമാപന ഭാഗമായി 16ന് വൈകിട്ട് നാലിന് വിദ്യാനഗർ ഗവൺമെന്റ് കോളേജിന് സമീപമുള്ള വി.എസ് അച്യുതാനന്ദൻ നഗറിൽ 25,000 പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. റാലിക്ക് മുന്നോടിയായി തിപ്പാട്ട് സംഘത്തിന്റെ ഗാനമേളയും നടക്കും.

112 പ്രതിനിധികൾ

രണ്ടു ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ 112 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, വർഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവരാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CPM KSD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL