കാസർകോട്: നവംബർ മാസമായിട്ടും കൈപ്പുസ്തകം പോലും ലഭിക്കാതെ കാസർകോട് ജില്ലയിലെ കന്നഡ ഭാഷാദ്ധ്യാപകർ. മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ കന്നഡ ഭാഷാദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിന് കന്നഡ ഭാഷ അറിയുന്ന ബി.പി.സിമാരില്ലെന്നും ആക്ഷേപമുണ്ട്. സർവ്വശിക്ഷ അഭിയാൻ പദ്ധതി പ്രകാരം കന്നഡ ഭാഷ അറിയുന്നവരെ ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർമാരായി നിയമിക്കാത്തത് പരിശീലനത്തെ സാരമായി ബാധിക്കുകയാണ്.
സപ്ത ഭാഷാ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഈ പ്രദേശങ്ങൾ. മലയാളത്തിന് പുറമെ കന്നഡ മീഡിയത്തിലും കൂടിയാണ് ജില്ലയിലെ 192 സ്കൂളുകളിൽ അദ്ധ്യയനം നടക്കുന്നത്. മലയാളത്തിന് പുറമെ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ 1600 ലധികം കന്നഡ ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ട് ജില്ലയിൽ. ഭാഷാദ്ധ്യാപകർക്ക് ഉൾപ്പെടെ മറ്റിടങ്ങളിൽ സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ നേതൃത്വത്തിൽ ബി.ആർ.സികൾ കേന്ദ്രീകരിച്ച് അതത് വർഷത്തെ പഠന ക്രമീകരണങ്ങൾക്ക് പരിശീലനം നൽകാറുണ്ട്. എന്നാൽ ജില്ലയിൽ പരിശീലനങ്ങൾ എല്ലാം പ്രഹസനമായിരുന്നു.
കുട്ടികളെ ഏതൊക്കെ വിധത്തിൽ ഭാഷാ പഠനം നടത്തണമെന്ന കാര്യങ്ങൾ ഇന്നും അജ്ഞാതമാണ്. സംസ്ഥാന തലത്തിൽ ഇതിന് പരിഹാരം കാണാതെ കന്നഡ മീഡിയം സ്കൂളുകളിലെ അദ്ധ്യാപകരെയും കുട്ടികളെയും രക്ഷിക്കാൻ കഴിയില്ല. വിദ്യാഭ്യാസ വകുപ്പിനും വകുപ്പ് മന്ത്രിക്കും നിരവധി തവണ പരാതി നൽകിയിട്ടും അവഗണനയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് പരാതി. അദ്ധ്യാപകർക്ക്, കുട്ടികൾക്കുവേണ്ട പഠന നിർദേശങ്ങൾ നല്കാൻ സാധിക്കുന്നില്ല. കന്നഡ ഭാഷാദ്ധ്യാപകരുടെ കൂട്ടായ്മയും ഈ അവഗണനക്കെതിരെ രംഗത്തുവന്നിരുന്നു. ഭാഷാ വൈവിദ്ധ്യങ്ങൾക്കിടയിൽ കന്നഡ പഠിക്കുന്നവരോട് കഴിഞ്ഞ മൂന്ന് വർഷമായി ഈ അവഗണന തുടരുകയാണ്.
ഞങ്ങൾ ആരും മലയാള ഭാഷാവിരോധികളല്ല. എല്ലാ ഭാഷയും പഠിക്കണമെന്ന് പറയുന്നവരാണ്. പക്ഷെ, ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിക്കണമെന്നത് ധാർമ്മികമായ കടമയാണ്. കുട്ടികൾക്ക് മാത്രമല്ല ഈ പ്രദേശത്തെ കന്നഡയിൽ തന്നെ പഠിച്ചവർക്ക് വ്യവഹാരം നടത്തുന്നതിനും ജോലി ചെയ്യുന്നതിനും സാഹചര്യം ഉണ്ടാക്കാൻ ഉത്തരവാദിത്വമുണ്ട്.
കന്നഡ ഭാഷാദ്ധ്യാപകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |