കൊല്ലം: പിറക്കാൻ പോകുന്ന സ്വന്തം കൺമണിക്കായി കരുതലോടെ അമ്മ സ്വയംനെയ്ത കമ്പിളി കുപ്പായം കണ്ടവർ ചോദിച്ചു...ഞങ്ങളുടെ പൊന്നുണ്ണികൾക്കായും ഒന്നു തുന്നിത്തരുമോ?. കടവൂരിലെ അഞ്ജലി (29) അതു കേട്ടില്ലെന്ന് നടിച്ചില്ല.സ്വന്തം കുഞ്ഞിനായി തുന്നിയതുപോലുള്ള കുപ്പായവും തൊപ്പിയും സോക്സും ഷൂസും മറ്റു കുരുന്നുകൾക്കായും തുന്നി.
കുഞ്ഞിനെ കാണാൻ വന്ന ബന്ധുക്കളും പരിചയക്കാരും ആവശ്യക്കാരായി മാറി.കുരുന്നുകൾക്കുള്ള വസ്ത്രങ്ങൾ തയ്യാറാക്കി വില്പന നടത്തുന്ന സംരംഭകയാണ് ഇന്ന് അഞ്ജലി.
2020ലാണ് മകൾ റിതിക പിറന്നത്. അതിനു മുമ്പുതന്നെ യൂട്യൂബ് നോക്കി കമ്പിളി വസ്ത്രങ്ങൾ തുന്നിത്തുടങ്ങിയിരുന്നു. ആവശ്യക്കാർ ഏറിയതോടെ, 2022ൽ ഭർത്താവ് രാഹുലിന്റെ സഹായത്തോടെ ഫേസ് ബുക്കിലെ മാർക്കറ്റ് പ്ലെയിസിൽ വിൽപ്പനയ്ക്ക് ഇട്ടു. നല്ല പ്രതികരണം ലഭിച്ചതോടെ ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയും മാർക്കറ്റിംഗിന് പ്രയോജനപ്പെടുത്തി.
നെറ്റിപ്പട്ടം, വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ, ഫോട്ടോ ഫ്രെയിം, റെസിൻ ആർട്ടുമെല്ലാം ഉൾപ്പെടുത്തി 'റിതിക കളക്ഷൻസ് ' എന്ന പേരിൽ ബിസിനസ് വികസിപ്പിച്ചു. ഇവിടെയും യൂട്യുബാണ് ഗുരു. ക്രോഷേ ഹുക്ക് ഉപയോഗിച്ചാണ് തുന്നൽ.
കുടുംബശ്രീയുടെ ഉൾപ്പടെ പ്രദർശന മേളകളിലും പങ്കെടുത്തുതുടങ്ങി. കുടുംബശ്രീ വള്ളിക്കീഴ് എ.ഡി.എസ് ചെയർപേഴ്സൺ സന്ധ്യ, കൊല്ലം വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ സുജാത, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് സീതാലക്ഷ്മി എന്നിവരാണ് മേളകളിൽ പങ്കെടുക്കാൻ പിന്തുണ നൽകിയത്.
ഒന്നര വയസു മുതൽ
അഞ്ചുവയസുവരെ
ഒന്നര വയസ് മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ കമ്പിളി വസ്ത്രങ്ങളാണ് നിർമ്മിക്കുന്നത്. സ്ഥാപനം വികസിപ്പിച്ചെങ്കിലും ഒറ്റയ്ക്കാണ് ചെയ്യുന്നത്. വീട്ടുജോലികൾക്കിടയിലാണ് തുന്നൽപ്പണി. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ഓർഡർ ലഭിക്കുന്നുണ്ട് .
₹15000:
ഏറ്റവും കുറഞ്ഞ
മാസ വരുമാനം
രാമൻകുളങ്ങര കൈരളിനഗർ 276 മഹിമയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായി വീടെന്നതാണ് സ്വപ്നം.
അഞ്ജലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |