കൊല്ലം: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 6-ാമത് സംസ്ഥാനതല ബഡ്സ് കലോത്സവം 'തില്ലാന 2025' കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന കുടുംബശ്രീ ബഡ്‌സ് സ്‌കൂളിലെയും ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെയും കുട്ടികളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ജില്ലാതല മത്സരങ്ങളിൽ വിജയികളായ 450ലേറെ മത്സരാർത്ഥികൾ 22 ഇനങ്ങളിലായി മാറ്റുരയ്ക്കും.
സ്‌കൂൾ കലോത്സവങ്ങളുടെ പ്രാധാന്യത്തിലേക്ക് ബഡ്‌സ് കലോത്സവം മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി കുട്ടികൾ പലവിധ കഴിവുകളുള്ളവരാണ്. അവരെ സമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്താൻ ഈ കലോത്സവത്തിന് സാധിക്കുംമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായി. കുട്ടികളെ ഇത്തരം കലോത്സവങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി എന്നതാണ് ബഡ്‌സ് സംവിധാനത്തിന്റെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സപ്ലിമെന്റ് മന്ത്രി ബാലഗോപാലിന് നൽകി എം. നൗഷാദ് എം.എൽ.എ പ്രകാശനം ചെയ്തു. എം. മുകേഷ് എം.എൽ.എ സ്വാഗതം പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, കോർപറേഷൻ സ്ഥിരസമിതി അദ്ധ്യക്ഷരായ ഗീതാ കുമാരി, എസ്. ജയൻ, വാർഡ് കൗൺസിലർ ഹണി ബെഞ്ചമിൻ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത്, സി.ഡി.എസ് അദ്ധ്യക്ഷരായ സുജാത രതികുമാർ, സിന്ധു വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ വി.ജെ. അജു, ശ്രുതി സാന്ദ്ര എന്നിവർക്ക് ഉപഹാരം നൽകി.
കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, കളക്ടർ എൻ. ദേവിദാസ് എന്നിവർ മുഖ്യാതിഥികളാകും.
ആദ്യദിനം വയനാട് മുന്നിൽ
കലോത്സവത്തിന്റെ ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 19 പോയിന്റ് നേടി വയനാടാണ് മുന്നിൽ. 15 പോയിന്റോടെ തിരുവനന്തപുരം രണ്ടാംസ്ഥാനത്തും 14 പോയിന്റോടെ തൃശൂർ മൂന്നാംസ്ഥാനത്തുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |