കൊല്ലം: വാശിയും വൈരാഗ്യവും ഇല്ലാതെ കലയുടെ അരങ്ങിൽ സർഗാത്മകതയുടെ പൂമൊട്ടുകൾ വിരിഞ്ഞു. മത്സരബുദ്ധിയില്ലാതെ പരിമിതികൾ മറന്ന് അവർ ഒത്തുകൂടി. ആശങ്കയില്ലാതെ ആട്ടവും പാട്ടുമായി അരങ്ങു തകർത്തു.
നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവം 'തില്ലാന 2025' കാണികൾക്ക് വേറിട്ട അനുഭവമായി. നിറഞ്ഞ ചിരിയോടും കൈയടിയോടും കൂടി മത്സരാർത്ഥികളെ ചേർത്തു നിറുത്തി. ചുവടു പിഴയ്ക്കാതിരിക്കാൻ, വേദിയിൽ നിന്ന് ശ്രദ്ധമാറാതിരിക്കാൻ പൂർണ പിന്തുണയേകി അദ്ധ്യാപകർ സജീവമായി നിന്നു. കുട്ടികൾക്കൊപ്പം കാണികൾക്കിടയിൽ നിന്ന് അവരോടൊപ്പം നൃത്തം ചെയ്തു. വെല്ലുവിളികളെയും പരിമിതികളെയും അതിജീവിച്ച് മനോഹരമായ നൃത്തങ്ങളും ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെ മത്സരാർത്ഥികളെ സദസ്സ് വരവേറ്റു. കലോത്സവത്തിന്റെ ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 27 പോയിന്റ് നേടി വയനാട് മുന്നിൽ എത്തി. തൃശൂരും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |