പത്തനാപുരം: യുവതിയെ പൊതുവഴിയിൽ വച്ച് അക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പത്തനാപുരം പൊലീസ് പിടികൂടി. പത്തനാപുരം തൊണ്ടിയാമൺ പടിഞ്ഞാറ്റിൻകര വീട്ടിൽ വെട്ടിൽ സജീവ് എന്നറിയപ്പെടുന്ന സജീവ് (41) ആണ് പിടിയിലായത്. കഴിഞ്ഞ നവംബർ 24ന് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബർ എസ്റ്റേറ്റിന് അടുത്തുവച്ച് ആണ് ഇയാൾ യുവതിയെ ഉപദ്രവിച്ചത്. യുവതിയുടെ നിലവിളി കേട്ട് തോട്ടം തൊഴിലാളികളും മറ്റും ഓടിക്കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം മാങ്കോട്, പൂങ്കുളഞ്ഞി വന മേഖലകളിൽ ഒളിച്ചു താമസിച്ചു വരികയായിരുന്ന സജീവിനെ കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്. പത്തനാപുരം ഇൻസ്പെക്ടർ ബിജു, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ്, രാജേഷ്, രാജീവ്, വിനോദ്, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനാപുരം എസ്.ഐ ശരലാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |