കൊല്ലം: വൻ അപകട ഭീഷണി ഉയർത്തി റെയിൽവേ ട്രാക്കുകൾക്ക് സമീപം തീ പടരുന്നത് പതിവാകുന്നു. തീ കാണുന്നതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിടുന്നതും ലോക്കോ പൈലറ്റുമാർ അപകടസന്ദേശം നൽകുന്നതിനെ തുടർന്ന് പിന്നാലെയുള്ള ട്രെയിനുകൾ വൈകുന്നതും നിത്യസംഭവമായി.
വേനൽ കടുത്തതോടെ ട്രാക്കുകൾക്ക് സമീപത്തെ പുല്ലുകൾ ഉണങ്ങി നിൽക്കുകയാണ്. തൊട്ടടുത്ത് തീയിട്ടാൽ കാറ്റടിക്കുമ്പോൾ ട്രാക്കിന് അടുത്തേക്കും തീ പടരും. സമീപവാസികൾ ചവർ കത്തിച്ചുണ്ടാകുന്ന തീയാണ് സമീപദിവസങ്ങളിൽ ട്രാക്കിനടുത്തേക്ക് പടരുന്നത്. ഇങ്ങനെ പടരുന്ന തീ ട്രെയിനുകളിലെ ഓയിലുകളിൽ പിടിച്ചാൽ വൻ ദുരന്തമുണ്ടാക്കും. ഇന്ധനം വഹിച്ചുള്ള ഗുഡ്സ് ട്രെയിനുകളും ഇടയ്ക്കിടെ പോകും. സമീപദിവസങ്ങളിൽ പരവൂർ, മൺറോത്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ ട്രാക്കിന് സമീപം തീ കണ്ടതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടിരുന്നു.
പരിശോധനയ്ക്ക് നിർദ്ദേശം
ട്രാക്കിന് സമീപം തീയിടുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കാൻ റെയിൽവേ അധികൃതർ ആർ.പി.എഫിന് നിർദ്ദേശം നൽകി. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |