SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

സി.പി.എം സംസ്ഥാന സമ്മേളനം: ജനകീയോത്സവമാക്കാൻ ആവേശകരമായ ഒരുക്കം

കൊല്ലം: മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ചരിത്രമാക്കാൻ ആവേശകരമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും പുറമേ പൊതുജനങ്ങളെയും ഭാഗമാക്കി ചരിത്രത്തിൽ ഇടംപിടിക്കുന്ന ജനകീയോത്സവമാക്കി സമ്മേളനത്തെ മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

സമ്മേളനം വിജയിപ്പിക്കാൻ 18 ഏരിയാകളിലും സംഘാടക സമിതികളായി. ഇപ്പോൾ ബ്രാഞ്ച് തല സംഘാടക സമിതികളുടെ രൂപീകരണം നടക്കുകയാണ്. ഫെബ്രുവരി 25ന് വൈകിട്ട് 5ന് പരിശീലനം ലഭിച്ച റെഡ് വോണ്ടിയർമാരുടെ പരേഡും സല്യൂട്ട് സ്വീകരിക്കലും 166 ലോക്കൽ മേഖലകളിൽ നടക്കും. പാർട്ടി അംഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന തുക കൊണ്ടാണ് സമ്മേളനത്തിന്റെ സംഘാടനം. അംഗങ്ങളിൽ നിന്നുള്ള ഹുണ്ടികാപിരിവ് അടുത്തമാസം പൂർത്തീകരിക്കും.

മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം മാർച്ച് 6ന് കൊല്ലം സി.കേശവൻ ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആരംഭിക്കും. പൊതുസമ്മേളനം മാർച്ച് 9ന് വൈകിട്ട് ആശ്രാമം മൈതാനത്ത് സീതാറാം യെച്ചൂരി നഗറിൽ നടക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് മാർച്ച് 9ന് 25000 റെഡ് വോളണ്ടിയർമാരുടെ പരേഡും രണ്ട് ലക്ഷം പേരുടെ ബഹുജന റാലിയും കൊല്ലം നഗരത്തിൽ നടക്കും.

ആവേശമായി കായികോത്സവം

ജനങ്ങളിൽ ആവേശം പടർത്തി സമ്മേളനത്തിന്റെ ഭാഗമായുള്ള കായികോത്സവം വാക്കത്തോണോടെ കഴിഞ്ഞയാഴ്ച ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാരിപ്പള്ളിയിൽ അഖിലേന്ത്യ കബഡി ടൂർണമെന്റും നടന്നു. ജില്ലായിലെമ്പാടും ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് ടൂർണമെന്റുകളും നാടൻ കായിക മത്സരങ്ങളും വരും ദിവസങ്ങളിൽ നടക്കും.


ശുചിത്വ കൊല്ലവും മുറ്റത്തൊരു വൃക്ഷവും

സമ്മേളനത്തിന്റെ ഭാഗമായി ശുചിത്വ കൊല്ലം എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 17, 18 തീയതികളിൽ വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. ജില്ലയിലെ പതിനായിരക്കണക്കിന് വീടുകളിൽ വൃക്ഷത്തൈയും സമ്മേളനത്തിന്റെ ഭാഗമായി വച്ചുപിടിപ്പിക്കും.

ആശ്രാമത്ത് വമ്പൻ എക്സിബിഷൻ

 ലോകം, രാജ്യം, കേരളം, കൊല്ലം എന്നിങ്ങനെ ചരിത്ര പ്രദർശനം

 കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ വിവിധ ഏടുകൾ

 കേരളത്തിന്റെയും കൊല്ലത്തിന്റെയും സംസ്കാരം

 സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ

കലാജാഥയും മത്സരങ്ങളും

 ജില്ലയിൽ രണ്ട് കലാജാഥകൾ ഫെബ്രുവരി പകുതിയോടെ

 ജാഥയിൽ നാടകം, കഥാപ്രസംഗം, ഫ്യൂഷൻ തുടങ്ങിയവ

 സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ആവിഷ്കാരം

 ലോക്കൽതലം മുതൽ കലാമത്സരങ്ങൾ

 സാഹിത്യ മത്സരങ്ങൾക്ക് പുറമേ മുദ്രാവാക്യം വിളി മത്സരവും

സംവാദത്തിന് സെമിനാർ പരമ്പര

 സമ്മേളനത്തിന്റെ ഭാഗമായി 15 ഓളം സെമിനാറുകൾ

 ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ

 പ്രമുഖകർ വിഷയം അവതരിപ്പിക്കും

 ഫെബ്രുവരി ആദ്യം തുടക്കം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL