കൊല്ലം: മയ്യനാട് മുളയ്ക്കൽക്കാവ് ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പുരുഷാംഗനമാരുടെ ചമയവിളക്ക് ഭക്തിക്കൊപ്പം അഴകിന്റെയും അപൂർവനിമിഷങ്ങൾ സമ്മാനിച്ചു. ക്ഷേത്രസന്നിധിയിൽ നിന്ന് ഭദ്രകാളി ദേവി പരമ്പരാഗത രഥത്തിലേറിയും ദുർഗാദേവിയും മഹാവിഷ്ണുവും ഗജവീരന്മാരുടെ പുറത്തേറിയും വൈകിട്ട് ആറാട്ടിനായി പുറപ്പെട്ടു. താന്നി കായലിന്റെ തീരത്തുള്ള ആറാട്ട് കുളത്തിൽ ആറാട്ടിന് ശേഷം മയ്യനാട് ജംഗ്ഷനിൽ നിന്നുള്ള ഘോഷയാത്രയിലാണ് ചമയവിളക്കുമായി സ്ത്രീകളെ വെല്ലുന്ന സൗന്ദര്യത്തോടെ പുരുഷാംഗനമാർ അണിനിരന്നത്. മുളയ്ക്കൽക്കാവ് ക്ഷേത്രത്തിലെ ചമയവിളക്കിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മകര ഭരണിനാളിൽ പുരുഷന്മാർ സ്ത്രീവേഷം ധരിച്ച് ചമയവിളക്കെടുത്താൽ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് ഐതിഹ്യം. ഇത്തവണ ഏറ്റവും മികച്ച പുരുഷാംഗനമാർക്ക് ക്യാഷ് അവാർഡിന് പുറമേ ചമയവിളക്കിൽ പങ്കെടുക്കുന്നവർക്കെല്ലാം ക്ഷേത്ര ഭരണസമിതി പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിരുന്നു. ഗജവീരന്മാരുടെയും കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ആറാട്ട് ഘോഷയാത്രയിൽ ചമയവിളക്കിന് പുറമേ താലപ്പൊലിയുമായി നിരവധി പെൺകുട്ടികളും സ്ത്രീകളും അണിനിരന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |