കൊല്ലം: പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാമിന്റെ കുളത്തൂപ്പുഴ വനമേഖലയോട് ചേർന്നുള്ള എണ്ണപ്പന പ്ലാന്റേഷനിലുണ്ടായ തീപിടിത്തതിൽ പത്ത് ഹെക്ടറോളം കത്തിനശിച്ചു. സന്ധ്യയോടെ പ്ലാന്റേഷൻ പ്രദേശത്തെ തീ കെടുത്തിയെങ്കിലും കാട്ടിലേക്ക് തീ പടരുകയാണ്. പുക ശ്വസിച്ച് ശാരീരിക അസ്വാസ്ഥ്യമുണ്ടായ പ്രദേശവാസികളായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധപൂർവം തീയിട്ടതാണെന്ന് സംശയമുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് തീ പടർന്നത്. എണ്ണപ്പനകൾക്ക് ഇടയിൽ കുറ്റിച്ചെടികൾ കാടുപോലെ വളർന്നുകിടക്കുകയാണ്. വേനൽ കടുത്തതോടെ ഇവയിൽ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. കാറ്റ് വീശിയതോടെ തീ അടിക്കാടിലേക്ക് ആളിപ്പടരുകയായിരുന്നു. കടയ്ക്കൽ, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സെത്തി വൈകിട്ട് ആറ് മണിയോടെയാണ് പ്ലാന്റേഷൻ പ്രദേശത്തെ തീ ഒരുപരിധി വരെ കെടുത്തിയത്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടാങ്കർ ലോറിയിൽ നിരവധി തവണ ഫയർഫോഴ്സിന് വെള്ളം എത്തിച്ചുനൽകി. എന്നാൽ വനമേഖലയിലേക്ക് പടർന്ന തീ നിയന്ത്രിക്കാനായിട്ടില്ല.
രണ്ട് വർഷം മുമ്പ് 1500 ഓളം പുതിയ എണ്ണപ്പന തൈകൾ നട്ട പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അടിക്കാട് വെട്ടിത്തെളിക്കാഞ്ഞതിന് പുറമേ ഇവിടെ നിന്ന പഴയ എണ്ണപ്പനകൾ മുറിച്ചു നീക്കിയിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഓയിൽ പാം അധികൃതർ പൊലീസിന് പരാതി നൽകി. കൃത്യമായ നഷ്ടം കണക്കാക്കി വരുന്നതേയുള്ളുവെന്ന് ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.രാജേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |