കൊല്ലം: വേനലിന് കാഠിന്യം കൂടുന്നതിനിടെ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ ചികിത്സ തേടിയത് 12 പേർ. ഈ വർഷം കഴിഞ്ഞ 14 വരെ 28 പേർ രോഗത്തെ തുടർന്ന് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരെയും പാരമ്പര്യ ചികിത്സ തേടുന്നവരെയും കണക്കിലെടുത്താൻ എണ്ണം ഇരട്ടിയാകും.
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരൾ രോഗങ്ങൾ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലുമാണ് അസുഖം തീവ്രമാകുന്നത്. സമ്പർക്കത്തിലൂടെ പകരാൻ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ആവശ്യമില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനം കൂടുതൽ വഷളായി മരണം വരെ സംഭവിക്കാം.
ലക്ഷണങ്ങൾ
ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാൽ 80-95 ശതമാനം കുട്ടികളിലും, 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക) എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
വേണം പ്രതിരോധം
ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുക
നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക
തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
സെപ്ടിക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
ശുദ്ധത ഉറപ്പില്ലാത്ത സിപ്പ് അപ്പ്, ഐസ്‌ക്രീം, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്
ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക
6 മാസത്തെ ഇടവേളയിൽ 2 ഡോസ് വാക്‌സിൻ എടുത്താൽ പ്രതിരോധിക്കാം
രോഗബാധിതർ (2025)
ജനുവരി - 16
ഫെബ്രുവരി (14 വരെ) - 12
ജലജന്യ രോഗങ്ങൾ തടയാൻ പരിശോധന കർശനമാക്കി. രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |