കൊല്ലം: കൊച്ചിയിൽ നടന്ന സംസ്ഥാന ക്ളാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 60 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ കൊല്ലം മരത്തടി വാഴപ്പള്ളവടക്കത്തിൽ വേണു മാധവൻ നേടിയ സ്വർണത്തിന് അതിജീവനത്തിന്റെ കരുത്തുണ്ട്. ക്യാൻസറിനു മുന്നിൽ ജീവിതം അടിയറ വയ്ക്കാതെ, കീമോയിലൂടെ മുന്നോട്ടുപോകവേയാണ് വേണു ആത്മവിശ്വാസത്തിന്റെ നേർക്കാഴ്ചയായത്.
സ്‌ക്വാട്ടിൽ 142.5 ഉം ബെഞ്ച് പ്രസിൽ 90 ഉം ഡെഡ് ലിഫ്റ്റിൽ 135 ഉം കിലോ വീതം ഉയർത്തിയാണ് വേണു പൊന്നിൽ മുത്തമിട്ടത്.
2014ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ പവർലിഫ്റ്റിംഗ് മത്സരത്തിനിടെ ബാറും വെയിറ്റും ദേഹത്ത് വീണ് വേണുവിന് പരിക്കേറ്രിരുന്നു. ചികിത്സയ്‌ക്കിടെയാണ് ഡിഫ്യൂസ് ലാർജ് ലിംഫോമ തിരിച്ചറിയുന്നത്. അപ്പോഴേക്കും സ്ഥിതി മോശമായിരുന്നു. ചികിത്സകൊണ്ട് കാര്യമില്ലെന്ന് വലിയ ആശുപത്രികൾ വിധിയെഴുതി. വേണുവിന്റെ മനക്കരുത്തിന് മുന്നിൽ പക്ഷേ ക്യാൻസർ മുട്ടുമടക്കി. 45ലേറെ റേഡിയേഷന് വിധേയമായെങ്കിലും ആരോഗ്യസംരക്ഷണത്തിൽ വേണുവിന് വിട്ടുവീഴ്ചയുണ്ടായില്ല. എതാനും വർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മത്സരത്തിൽ 420 കിലോ ഉയർത്തി സ്വർണമെഡൽ നേട്ടത്തോടെ തിരിച്ചുവരവ് ഗംഭീരമാക്കി. മഹാരാഷ്ട്രയിലും മുംബയിലും ഗോവയിലും നടന്ന ദേശിയ മത്സരങ്ങളിൽ വെങ്കലവും രണ്ടു സ്വർണവും കരസ്ഥമാക്കി. കഴിഞ്ഞയാഴ്ച കീമോതെറാപ്പി ചെയ്യവേയാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ വേണു തീരുമാനിച്ചത്. രണ്ട് ദിവസമായി നടന്ന മത്സരങ്ങൾ ഇന്നലെ സമാപിച്ചു. വനിതകൾ ഉൾപ്പെടെ 300ലധികം പേർ മാറ്റുരച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |