കൊല്ലം: തീൻമേശയിൽ ഇടയ്ക്കിടെ വില്ലനായി മാറുന്ന ഷവർമയുടെ മേലുള്ള നിരീക്ഷണം ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ വർഷം ജില്ലയിൽ കർശന പരിശോധനയാണ് നടത്തിയത്. 277 വ്യാപാര സ്ഥാപനങ്ങളിൽ 5 സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാത്തതുൾപ്പടെ 78 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി.വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് 23 കേസുകളും രജിസ്റ്റർ ചെയ്തു.കൂടാതെ പാഴ്സലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. 2.59 ലക്ഷം രൂപയോളം പിഴയും ഈടാക്കി. പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
2022 ൽ പുറത്തിറക്കിയ മാനദണ്ഡപ്രകാരമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തിയത്. ഇറച്ചി മതിയായി വെന്തില്ലെങ്കിലോ മയോണൈസ് തയ്യാറാക്കുമ്പോൾ പച്ചമുട്ട ഉപയോഗിച്ചാലോ വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുകയോ ചെയ്യുന്നതൊക്കെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. സാൽമൊണല്ല എന്ന ബാക്ടീരിയ കൂടുതലായി കാണപ്പെടുന്നത് കോഴിയിറച്ചിയിലാണ്. കുറഞ്ഞ താപനിലയിൽ ഇറച്ചി ചൂടാക്കുമ്പോൾ ബാക്ടീരിയ കൂടുതലായി വ്യാപിക്കുന്നു. ഇത് മനുഷ്യശരീരത്തിൽ കടക്കുന്നതാണ് വിഷബാധയ്ക്ക് കാരണം.സുരക്ഷാമാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ തയ്യാറാക്കുമ്പോഴാണ് ഷവർമ്മ വില്ലനായി മാറുന്നത്. ഇത്തരത്തിലുളള ഗുരുതര വീഴ്ചകൾ ശ്രദ്ധയിൽ പെട്ടാൽ 10 ലക്ഷം രൂപ പിഴയീടാക്കും.
ശ്രദ്ധിക്കാം
ബീഫ് : 71 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 160 ഫാരൻഹീറ്റിൽ 15 സെക്കൻഡ് വേവിക്കണം
കോഴിയിറച്ചി: 74ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 165 ഫാരൻഹീറ്റിൽ 15 സെക്കൻഡ് വേവിക്കണം
മയോണൈസ് തയ്യാറാക്കുമ്പോൾ പച്ചമുട്ട ഉപയോഗിക്കരുത്
മയോണൈസ് 2 മണിക്കൂറിൽ കൂടുതൽ വച്ച് ഉപയോഗിക്കരുത്
കോഴിയിറച്ചി തൂക്കിയിടുന്ന കമ്പി എല്ലാദിവസവും അണുവിമുക്തമാക്കണം
ഷവർമ്മ തയ്യാറാക്കിയാൽ ഉടൻ ഭക്ഷിക്കണം
ഇത്തരം പരിശോധന കൂടാതെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ഉപയോഗിച്ച് ബ്രോസ്റ്റഡ്, ഫ്രൈസ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണകൾ ഡി.പി.സി മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടുണ്ട്.കൂടാതെ എല്ലാവർക്കും ബോധവത്കരണവും നൽകുന്നുണ്ട്
ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |