SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ചുവന്ന് തുടുത്ത് കൊല്ലം

കൊല്ലം: സമര ചരിത്രങ്ങളുടെ വേലിയേറ്റം ഇരമ്പുന്ന കൊല്ലത്തേക്ക് മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് സി.പി.എം സംസ്ഥാന സമ്മേളനം എത്തുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും ചുവന്നുതുടുത്തു. കൊടിതോരണങ്ങളും കമാനങ്ങളും ബോർ‌ഡുകളും നിശ്ചല രൂപങ്ങളും പാതയോരങ്ങളാകെ നിറഞ്ഞു.

രണ്ട് മാസക്കാലം മുന്നേ തുടങ്ങിയ ഒരുക്കങ്ങൾ പരിസമാപ്തിയിലെത്തിയപ്പോഴേക്കും കൊല്ലം ചുവപ്പ് കോട്ടയായി. എഴുപത്തഞ്ചാണ്ടിന്റെ പിറന്നാൾപ്പെരുമയോടൊപ്പം കൊല്ലം ജില്ലയ്ക്ക് ചേർത്തുവയ്ക്കാൻ വിപ്ളവത്തിന്റെയും സംഘടനാ ശക്തിയുടെയും പുതിയ അദ്ധ്യായങ്ങളും ഈ സമ്മേളനം സമർപ്പിക്കുന്നു. ഓരോ പാർട്ടി അംഗങ്ങൾക്കും മാസങ്ങൾക്ക് മുന്നേ വഞ്ചികൾ നൽകി, മിനിമം അഞ്ഞൂറ് രൂപ നിക്ഷേപിക്കണമെന്നാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതെങ്കിലും കുടുക്ക പൊട്ടിച്ചപ്പോൾ പലതിലും കിട്ടിയത് പതിനായിരങ്ങൾ. അവിടെ തുടങ്ങിയ ആവേശം പിന്നെ പതിന്മടങ്ങ് ഇരട്ടിച്ചു.

ഓരോ ബ്രാഞ്ചും ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റികളും സംസ്ഥാന സമ്മേളനത്തിന്റെ ആവേശമുൾക്കൊണ്ടു. അതോടെയാണ് ഗ്രാമങ്ങളിൽ കലാ-കായിക- വിനോദങ്ങൾ അരങ്ങേറി ആഘോഷമായത്.

സമാനതകളില്ലാത്ത സംഘടനാ വൈഭവം, കലയും സംസ്കാരവും ചേർത്തുപിടിച്ച്, മനുഷ്യ ജീവിതത്തിന്റെ നാനാ തലങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള സെമിനാറുകളും ചർച്ചകളുമൊക്കെയായി ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിനും അപ്പുറത്തേക്കാണ് പിന്നിട്ട ദിവസങ്ങൾ മാറിയത്.

ഇനി സമ്മേളന നാളുകൾ

കയ്യൂരിൽ നിന്ന് ഈ മാസം ഒന്നിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത പതാക ജാഥ ഇന്ന് കൊല്ലത്തെത്തും. വത്സൻ പനോളി നയിക്കുന്ന ജാഥ വിവിധ ജില്ലകളിലെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് ദേശിംഗനാട്ടിലെത്തുന്നത്. ഇന്ന് ഉച്ചക്ക് 12ന് ജില്ലയുടെ അതിർത്തിയായ ഏനാത്ത് നിന്ന് സ്വീകരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു നയിക്കുന്ന ദീപശിഖാ ജാഥ വയലാറിൽ നിന്ന് പുറപ്പെട്ടത് തിങ്കളാഴ്ചയാണ്. ഇന്ന് വൈകിട്ട് 4ന് ഓച്ചിറ പ്രയാർ ജംഗ്ഷനിൽ നിന്ന് ജില്ലയുടെ സ്വീകരണം നൽകും. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത നയിക്കുന്ന കൊടിമര ജാഥ ആതിഥേയരായ കൊല്ലം ജില്ലയിലെ ശൂരനാട്ടിൽ നിന്നാണ് പ്രയാണം തുടങ്ങുന്നത്. പി.ബി അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്ന ജാഥയുൾപ്പടെ മൂന്ന് ജാഥകളും വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെത്തും. സീതാറാം യച്ചൂരി നഗറെന്ന പേര് നൽകിയ പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. 6ന് രാവിലെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. അതിഥി, നിരീക്ഷകർ ഉൾപ്പടെ 530 പ്രതിനിധികളാണ് പ്രതിനിധി പങ്കെടുക്കുന്നത്. 9ന് വൈകിട്ട് ആശ്രാമം മൈതാനത്ത് പൊതുസമ്മേളനത്തോടെ സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL