SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

നവോത്ഥാനം നവകേരളം വേറിട്ട ദൃശ്യ ​- ശ്രാവ്യ വിരുന്നാകും

photo

കൊല്ലം: കേരളത്തിന്റെ ഇന്നലെകളെയും ഇന്നിനെയും ചേർത്തുവയ്ക്കുന്ന 'നവോത്ഥാനം, നവകേരളം' മൾട്ടി മീഡിയ ദൃശ്യാവിഷ്കാരം ആശ്രാമം മൈതാനിയിലെ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിക്കുന്നു. 6ന് വൈകിട്ട് 7 മുതലാണ് ഒന്നര മണിക്കൂർ നീളുന്ന കലാവിസ്മയം. നവോത്ഥാനകാലം, സ്വാതന്ത്ര്യ സമര പ്രക്ഷോഭം, ഐക്യകേരള പിറവി, ജനാധിപത്യ കേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾ തുടങ്ങി പുതുകേരളം വരെ എത്തിനിൽക്കുന്ന മൾട്ടി മീഡിയ ദൃശ്യാവിഷ്കാരമാണ് 'നവോത്ഥാനം, നവകേരളം'. പ്രമുഖ നാടക- ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂർ ആശയവും സംവിധാനവും നിർവഹിക്കുന്ന ദൃശ്യാവതരണത്തിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ എൺപതിൽപ്പരം കലാപ്രതിഭകൾ വേദിയിലും സ്ക്രീനിലുമായെത്തും. പ്രൊഫ. അലിയാരിന്റെ നരേഷനും പണ്ഡിറ്റ് രമേഷ് നാരായണന്റെ സംഗീതവും ചേർത്തിണങ്ങുമ്പോൾ വേറിട്ടൊരു ദൃശ്യ - ശ്രാവ്യ അനുഭവമാകും.

ഗുരുദേവൻ മുതൽ എ.കെ.ജിവരെ

ശ്രീനാരായണ ഗുരുദേവനടക്കമുള്ള നവോത്ഥാന നായകരെയും എ.കെ.ജിയും ഇ.എം.എസും ഉൾപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരെയും കൊറിയോഗ്രാഫിയിലൂടെ വേദിയിലെത്തിക്കുന്നുണ്ട്. നവോത്ഥാന നായകരുടെയും വിഖ്യാത കവികളുടെയും ചിന്തകരുടെയും മാനവികത മുൻനിറുത്തിയുള്ള ഗാനങ്ങൾ, സവിശേഷങ്ങളായ കൊറിയോഗ്രഫി, സ്ക്രീൻ ദൃശ്യങ്ങൾക്കൊപ്പമുള്ള ചരിത്രപരമായ ഓർമ്മപ്പെടുത്തലുകൾ, ജനകീയ നാടകങ്ങളിലെ തീവ്രതയാർന്ന മുഹൂർത്തങ്ങൾ, എന്നിങ്ങനെ കാഴ്ചകളുടെയും കേഴ്‌വിയുടെയും ഹൃദ്യമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. വിവിധ കാലയളവിലെ കാവ്യങ്ങൾ, ജനകീയ ഗാനങ്ങൾ, പടപ്പാട്ടുകൾ എന്നിവയ്ക്കൊപ്പമാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും ഇ.കെ.നായനാരുമൊക്കെ എത്തുന്നത്. പോർട്രെയിറ്റ് തീയേറ്റർ ശൈലിയിലൂടെയാണ് ഇവരെത്തുക. പാട്ടബാക്കി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, ഇത് ഭൂമിയാണ് എന്നീ നാടകങ്ങളിലെ രംഗ മുഹൂർത്തങ്ങളും ബലികുടീരങ്ങളെ ഗാനത്തിന്റെ ദൃശ്യാവതരണവും ബ്രഹ്‌തിന്റെ 'എന്തിന്നധീരത' എന്ന പരിഷത്ത് കലാജാഥാവിഷ്കാരത്തിന്റെ പുനരാവിഷ്കരണവും ഒത്തുചേരുന്നുണ്ട്. മഹാകവി പാലായുടെ 'കേരളം വളരുന്നു' എന്ന കവിതയുടെ ഗാന ദൃശ്യാവിഷ്കാരംകൂടി ചേരുമ്പോൾ നവോത്ഥാനം, നവകേരളം പൂർത്തിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL