SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ചുവപ്പിന്റെ പെരുംപൂരം

കൊല്ലം: ആർപ്പുവിളികൾക്ക് പകരം ചെങ്കൊടികളേന്തി മുദ്രാവാക്യങ്ങൾ മുഴക്കി ചുവന്ന പുഴകൾ തീർത്ത് പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകർ. ലെഫ്ട് റൈറ്റ് ലെഫ്ട് താളത്തിൽ ചുവടുവച്ച് നീങ്ങി ചെമ്പ‌ട, നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ ഇങ്ങനെ ഉത്സവഘോഷയാത്രകളെ വെല്ലുന്ന പെരുംപൂരത്തിന്റെ ലഹരിയിലായിരുന്നു ഇന്നലെ കൊല്ലം നഗരം.

ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ കൊല്ലം നഗരത്തിലേക്ക് എത്തിയിരുന്നു. ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റെഡ് വോളണ്ടിയർമാരും പാർട്ടി പ്രവർത്തകരും നഗരത്തിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. പതിവിൽ നിന്ന് വിരുദ്ധമായി ചെമ്പട സംഘത്തിൽ ആവേശത്തോടെ കുട്ടികൾ മുതൽ പ്രായമേറിയവർ വരെ. മൂന്നരയോടെ റെഡ് വോളണ്ടിയർമാർ ആശ്രാമം മൈതാനം ലക്ഷ്യമാക്കി മാർച്ച് തുടങ്ങി. തൊട്ടുപിന്നാലെ ചുവന്ന പുഴകൾ പോലെ പാർട്ടി പ്രവർത്തകരും വൻറാലികളായി ആശ്രാമം മൈതാനത്തേക്ക് പ്രയാണം തുടങ്ങി. ചെണ്ടമേളം, പഞ്ചവാദ്യം, നിശ്ചലദൃശ്യങ്ങൾ, നഗരത്തിന്റെ വഴികളെല്ലാം ഇങ്ങനെ ഇതിന് മുൻപ് ചുവന്നിട്ടില്ല. ഇത്രയും വലിയ ജനസാഗരത്തെയും നഗരം മുമ്പ് കണ്ടിട്ടില്ല.

കൊല്ലം ടൗൺ ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച മഹാറാലിയിൽ സി.പി.എമ്മിന്റെ കേരളത്തിലെ നേതൃനിരയാകെ അണിനിരന്നു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ക്യു.എ.സി ഗ്രൗണ്ടിൽ നിന്നുമുള്ള റെഡ് വോളണ്ടിയർ പരേഡിന്റെ ആദ്യനിര ആശ്രാമം മൈതാനത്ത് അണിനിരന്ന് ഏറെനേരം പിന്നിട്ടിട്ടും രണ്ട് കേന്ദ്രങ്ങളിൽ നിന്നും അവസാന നിരയുടെ മാർച്ച് തുടങ്ങിയിരുന്നില്ല. ആറുമണി പിന്നിടുമ്പോഴും വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റാലികളും പൂർണമായി ആശ്രാമം മൈതാനത്ത് എത്തിച്ചേർന്നിരുന്നില്ല. പാതയോരങ്ങളിൽ റെഡ് വോളണ്ടിയർ മാർച്ചും റാലികളും കാണാൻ നൂറുകണക്കിന് ജനങ്ങളും അണിനിരന്നിരുന്നു. അസാധാരണമായ ജനപ്രവാഹത്തിൽ കൊല്ലം നഗരത്തിൽ വാഹനഗതാഗതം ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളോളം സ്തംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL