ഭരണാനുമതി അനന്തമായി നീട്ടുന്നു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാനം നിർമ്മിക്കാൻ മുണ്ടയ്ക്കലിലെ സ്വകാര്യ ഭൂമി കളക്ടർ നിശ്ചയിച്ച വിലയ്ക്ക് വാങ്ങാനുള്ള ശ്രമം അട്ടമറിക്കാൻ ഗൂഢനീക്കം. മുണ്ടയ്ക്കലിൽ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന 3.29 ഹെക്ടർ വാങ്ങാൻ ജനുവരി 3ന് ധനവകുപ്പ് ധനാനുമതി നൽകിയെങ്കിലും ഉന്നത വിദ്യഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഭരണാനുമതി അനന്തമായി നീട്ടുകയാണ്. ഇപ്പോൾ ഭൂമിയുടെ കുറച്ച് ഭാഗത്തിന് സി.ആർ.ഇസഡ് നിയന്ത്രണമുണ്ടെന്ന പേരിൽ സ്ഥലം വാങ്ങൽ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് സൂചന.
കൊല്ലം തോടിന്റെ കരയിലുള്ള ഭൂമിക്ക് 50 മീറ്റർ മാത്രമാണ് സി.ആർ.ഇസഡ് നിയന്ത്രണമുള്ളത്. ഈ പ്രദേശം ഒഴിച്ചിട്ടാണ് സർവകലാശാല ആസ്ഥാനമന്ദിരത്തിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. ഭൂമിയുടെ വില നിശ്ചയിക്കാൻ ആദ്യം കളക്ടർ ചുമതലപ്പെടുത്തിയ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ, പ്രദേശത്ത് സി.ആർ.ഇസഡ് നിയന്ത്രണമുണ്ടെന്ന റിപ്പോർട്ട് നൽകി സ്ഥലം വാങ്ങൽ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പും സ്ഥലത്തിന് സി.ആർ.ഇസഡ് നിയന്ത്രണമുണ്ടോയെന്ന റിപ്പോർട്ട് കളക്ടറോടും കൊല്ലം കോർപ്പറേഷനോടും ആവശ്യപ്പെട്ടു. ഭൂമിയുടെ കുറച്ച് ഭാഗത്ത് മാത്രമാണ് നിയന്ത്രണമുള്ളതെന്ന വിധം, അനുമതിക്ക് തടസമുണ്ടാകാത്ത റിപ്പോർട്ട് കളക്ടർ നൽകിയെന്നാണ് വിവരം. എന്നാൽ കോർപ്പറേഷന്റെ മറുപടി പൂർണമായും അനുകൂലമല്ലെന്നാണ് സൂചന.
ഭൂമി വാങ്ങൽ ഫയലിന്റെ നാൾവഴി
ജനുവരി 3ന് ധനാനുമതി
ഫയൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക്
വകുപ്പിന് ഭരണാനുമതി നൽകാമായിരുന്നു
പക്ഷെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു
ഫയലിൽ ബഡ്ജറ്റ് ഹെഡില്ലെന്ന് പറഞ്ഞ് മടക്കി
ഫയൽ വീണ്ടും ധനവകുപ്പിലേക്ക്
കൂട്ടിച്ചേർക്കലോടെ ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക്
ഫയൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചു
മന്ത്രിസഭ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞ് മടക്കി
ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു
കമ്മിറ്റിയിൽ മൂന്ന് വകുപ്പ് സെക്രട്ടറിമാർ
കമ്മിറ്റി രണ്ട് യോഗം ചേർന്നു
സി.ആർ.ഇസ്ഡ് നിയന്ത്രണം പരിശോധിക്കാൻ ധാരണ
കളക്ടറോടും കോർപ്പറേഷനോടും റിപ്പോർട്ട് തേടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |