SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.31 AM IST

ആയൂരിലെ തൂങ്ങിമരണം: അന്വേഷണം ഊർജ്ജി​തമാക്കി​ പൊലീസ്

കൊല്ലം: ആയൂരിൽ വസ്ത്ര വ്യാപാരിയും വനിതാ മാനേജരും തൂങ്ങി മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവരുടെയും ഫോൺ രേഖകളടക്കം പരിശോധിക്കും.

വസ്ത്ര വ്യാപാര ശാലയുടെ താഴത്തെ നിലയിൽ ഗോഡൗണിനു വേണ്ടിയാണ് വിശാലമായ മുറി സജ്ജമാക്കിയിരുന്നത്. ദിവ്യാമോൾ അടക്കം ഇവിടെയാണ് ജീവനക്കാർ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും. വ്യാഴാഴ്ച രാത്രിയിൽ മറ്റ് ജീവനക്കാരെല്ലാം പോയ ശേഷമാണ് ദിവ്യാ മോളും അലിയും ഈ മുറിയിൽ കയറിയത്. ബിയർ കുപ്പികളും ഗ്ളാസും മുറിയിൽ കണ്ടെത്തി. ഇരുവരും തമ്മിൽ വഴക്കുണ്ടായെന്ന് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നു. രണ്ടുപേരും ഒന്നിച്ചാണോ രണ്ടായിട്ടാണോ ജീവനൊടുക്കിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതകളും അന്വേഷണ സംഘം തള്ളുന്നില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

ദിവ്യാമോൾ വീടുപണി തുടങ്ങിയതിൽപ്പിന്നെ കടുത്ത സാമ്പത്തിക ബാദ്ധ്യതകളിലായിരുന്നു. നേരത്തെ, ഭർത്താവ് രാജീവിന്റെ കുടുംബ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പള്ളിക്കലിൽ പുതിയ വീടിന്റെ നിർമ്മാണം കോൺക്രീറ്റ് പണി തീരുന്ന ഘട്ടത്തിലെത്തി നിൽക്കുകയാണ്. സാമ്പത്തിക വിഷയത്തിലാവും ഇവർ തമ്മിൽ തെറ്റിയതെന്ന് പൊലീസ് കരുതുന്നു.

സെയിൽസ് ഗേൾ, പിന്നെ മാനേജർ

കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഫർണിച്ചറുകളുടെയും മറ്റും വിപണനത്തിനായി മലപ്പുറത്തു നിന്നെത്തിയ അലി അഞ്ച് വർഷം മുൻപ് ചടയമംഗലം മേടയിൽ ഫർണിച്ചർ ഷോറൂം തുടങ്ങി. സുഹൃത്ത് മലപ്പുറം സ്വദേശി ഷാനവാസ് ആയിരുന്നു പാർട്ട്ണർ. ഇവിടെ ചെറിയ ശമ്പളത്തിൽ മൂന്ന് വർഷം മുൻപ് സെയിൽസ് ഗേളായി എത്തിയതാണ് ദിവ്യാമോൾ. പിന്നീട് അലി സ്വന്തമായി വസ്ത്രവ്യാപാര ശാല തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ ദിവ്യാമോളാണ് എല്ലാത്തിനും കൂടെ നിന്നത്. ആയൂർ സ്വദേശിയായ പ്രവാസിയുടെ ഉടമസ്ഥതയിൽ എം.സി റോഡരികിലെ കെട്ടിടം വാടകയ്ക്കെടുത്താണ് വസ്ത്ര വ്യാപാരശാല തുടങ്ങിയത്. ഇവിടെ മാനേജരായി ദിവ്യാമോളെ നിയമിച്ചു. അലി മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കടയിൽ എത്തിയിരുന്നത്. ബംഗളൂരുവിലും കോയമ്പത്തൂരിലുമടക്കം കടയിലേക്ക് വസ്ത്രങ്ങളെടുക്കാൻ പോയിരുന്നത് അലിയും ദിവ്യാമോളും ചേർന്നാണ്. വീട്ടിൽ വരില്ലെങ്കിൽ അക്കാര്യം ഫോണിൽ അറിയിക്കുമായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയായിട്ടും ദിവ്യാമോളെ കാണാതെ വന്നതോടെ ഭർത്താവ് രാജീവ് ഫോണിൽ വിളിച്ചുനോക്കി.രാത്രി 1 മണിവരെയും ഫോണിൽ പരിശ്രമിച്ചു നോക്കി. മറ്റ് ജീവനക്കാരെ വിളിച്ചപ്പോൾ രാവിലെ പരിശോധിക്കാം എന്ന് പറഞ്ഞു. ഇന്നലെ രാവിലെ രാജീവും ബന്ധുക്കളും കടയിലെത്തി. ജീവനക്കാരനും എത്തിയതോടെ നടത്തിയ പരിശോധനയിലാണ് ജനലിൽക്കൂടി ഒരാളുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി വാതിൽ പൊളിച്ചു കയറിയാണ് രണ്ടു മരണങ്ങളും സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL