SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.31 AM IST

മിഥുനെ രക്ഷിക്കാൻ ആദ്യമെത്തിയത് കാർത്തിക്ക്

കുന്നത്തൂർ: തേവലക്കര സ്കൂളിൽ എട്ടാംക്ളാസുകാരൻ മിഥുൻ ഷോക്കേറ്റു മരിച്ച വാർത്ത അറിഞ്ഞപ്പോൾ മുതൽ, തേവലക്കര സ്വദേശിയും അടൂർ അസി.രജിസ്ട്രാർ ഓഫീസിലെ എ.ഒയുമായ കാർത്തിക്കിന് (32) സങ്കടം സഹിക്കാൻ കഴിയുന്നില്ല.

സംഭവ ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ സ്കൂളിനു സമീപത്തുകൂടി ബൈക്കിൽ വരുമ്പോൾ ചെറിയ ഗേറ്റിലൂടെ കുട്ടികൾ പരിഭ്രാന്തരായി ഓടുന്നത് കണ്ടാണ് അവിടെ ഇറങ്ങിയത്. ഒരു കൊച്ച് തൂങ്ങിക്കിടക്കുന്നേയെന്ന് നിലവിളിച്ചു കൊണ്ട് സ്ത്രീ ഓടുന്നതും കണ്ടു. ആദ്യം കരുതിയത് ആരോ മരച്ചില്ലയിൽ തൂങ്ങി നിൽക്കുന്നുവെന്നാണ്. ഒരു നിമിഷം ശ്രദ്ധ മുഴുവൻ അവിടെയുള്ള മരങ്ങളിലേക്ക് പോയി.കാര്യം മനസിലായപ്പോൾ ക്ലാസ് മുറിയിലേക്ക് ഓടിയെത്തി.അപ്പോൾ കുറച്ച് ജീവനക്കാർ അവിടെ പകച്ച് നിൽപ്പുണ്ട്. ഷീറ്റിന് മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ഷോക്കടിക്കാൻ സാദ്ധ്യതയുണ്ടെന്നും കയറിയാൽ അപകടമാകുമെന്നും അവർ പറഞ്ഞതായി കാർത്തിക്ക് ഓർക്കുന്നു. കുട്ടി കയറിയ ജനാലയ്ക്ക് 10 അടിയോളം ഉയരമുണ്ട്. മറ്റാരും ആ സമയം സഹായിക്കാനും ഉണ്ടായിരുന്നില്ല. തനിക്കറിയാവുന്ന സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം ഷീറ്റിട്ട ഷെഡിനു മുകളിലേക്ക് വലിഞ്ഞു കയറി. അയയിൽ തുണി വിരിച്ചതുപോലെ മിഥുന്റെ വയറുഭാഗം കമ്പിയിൽ തട്ടി കമിഴ്ന്നു കിടക്കുകയായിരുന്നു.

കമ്പോ മറ്റ് എന്തെങ്കിലുമോ എടുത്ത് തരാൻ താഴെ നിന്ന കുട്ടികളോട് പറഞ്ഞു. ബെഞ്ചെങ്കിലും തരാൻ പറഞ്ഞപ്പോഴാണ് ഒരു ജീവനക്കാരൻ അതെടുത്ത് തന്നത്. ഈ സമയം പ്രദേശവാസിയായ ലുങ്കിയുടുത്ത ഒരാൾ വലിയ പട്ടിക കഷ്ണവുമായി സഹായത്തിനെത്തി. കുട്ടിയുടെ കാലിൽ തൊട്ടപ്പോൾ പെരുപ്പ് അനുഭവപ്പെട്ടിരുന്നു. ഇതിനാൽ കൈ കൊണ്ട് നേരിട്ട് തൊട്ടില്ല. ജീവൻ ഉണ്ടാകുമെന്ന് തന്നെയാണ് അപ്പോഴും കരുതിയത്.ഇതിനാൽ ബെഞ്ച് കൊണ്ട് മാറ്റാൻ ശ്രമിച്ചില്ല. ആ സമയം ലൈൻ ഓഫായതായി മനസിലായി. താഴെ ആളുകൾ ഒരുപാട് കൂടി നിൽക്കുന്നുണ്ടായിരുന്നു. പട്ടിക കൊണ്ട് രണ്ട് പേരും കൂടി കുട്ടിയെ നീക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. രണ്ടാം തവണയാണ് ശ്രമം വിജയിച്ചത്. തുടർന്ന് കുട്ടിക്ക് സിപിആർ നൽകി. അപ്പോഴേക്കും മാനസികമായി തളർന്നിരുന്നുവെന്നും ഓഫീസിലേക്ക് പോകാതെ വീട്ടിലേക്ക് മടങ്ങിയെന്നും കാർത്തിക്ക് പറഞ്ഞു. അദ്ധ്യാപകരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നായിരുന്നു സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരാൻ താല്പര്യമില്ലെന്നും നിരവധി ചാനലുകാർ വിളിച്ചിരുന്നതായും കാർത്തിക്ക് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL