SignIn
Kerala Kaumudi Online
Saturday, 18 July 2026 2.42 PM IST

അധി​കൃതരുടെ അവഗണന... പോരുവഴി​ പി​.എച്ച്.സി​ പെരുവഴി​യി​ൽ!

kunnathoor-
പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ തിരക്ക്

കുന്നത്തൂർ: ദിവസവും ഇരുനൂറിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന മലനടയിലെ പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയായിട്ടും പരിഗണനയില്ല.

ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത് ഇരുനൂറിലധികം രോഗികളാണ്. ഇവരെ മുഴുവൻ പരിശോധിക്കാനുള്ളത് ഒരേയൊരു ഡോക്ടർ! ഇമ്മ്യൂണൈസേഷൻ, ഔദ്യോഗിക യോഗങ്ങൾ എന്നിവയ്ക്കായി മെഡിക്കൽ ഓഫീസർ കൂടിയായ ഈ ഡോക്ടർ പോയാൽ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. ഡോക്ടറെ കൂടാതെ ഒരു നഴ്സിംഗ് ഓഫീസറും ഒരു ഫാർമസിസ്റ്റുമുണ്ട്. ഇൻജക്ഷൻ, ബി.പി പരിശോധന, ഡ്രസിംഗ് തുടങ്ങിയവയെല്ലാം ചെയ്യാൻ ഒരാൾ മാത്രമാണുള്ളത്. മരുന്ന് വിതരണവും ജീവനക്കാരുടെ അഭാവം മൂലം കാര്യക്ഷമമായി നടക്കുന്നില്ല. ഇത് പലപ്പോഴും രോഗികളും ജീവനക്കാരുമായി തമ്മിൽ വാക്കുതർക്കത്തിനും കാരണമാകുന്നു.

അവികസിത പ്രദേശമായ പോരുവഴി പഞ്ചായത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആതുരാലയം. നിരവധി പട്ടികജാതി ഉന്നതികൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. ബസ് സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങൾ കൂടിയായതിനാൽ സാധാരണക്കാർക്ക് അടൂരിലോ ശാസ്താംകോട്ടയിലോ ചികിത്സ തേടി പോകണമെങ്കിൽ വലിയ തുക ചെലവാകും.

എം.പി​യുടെ കത്ത് അവഗണി​ച്ചു

ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പിലെ ഉന്നതർക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 29ന് എം.പി നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ മാനേജർക്ക് നേരിട്ട് കത്ത് നൽകി. എന്നിട്ടും ജീവനക്കാരെ നിയമിക്കാതെ ആരോഗ്യ വകുപ്പ് അധികൃതരും ഗ്രാമപഞ്ചായത്തും ഉരുണ്ട് കളിക്കുകയാണ്.

മലനട പി.എച്ച്.സിയിൽ ഡോക്ടർ അടക്കം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും

വരിക്കോലിൽ ബഷീർ,നിതിൻ പ്രകാശ് (കോൺഗ്രസ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL