
തൊടുപുഴ: ശബരി റെയിൽവേ നിർമ്മാണത്തിനായി കല്ലിട്ടു തിരിച്ച സ്ഥലങ്ങളുടെ വില വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമകളുടെ പ്രതിനിധി സംഘം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം നൽകി. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർ നേരിടുന്ന കടുത്ത പ്രതിസന്ധികൾ സംഘം എം.എൽ.എയെ ധരിപ്പിച്ചു. 28 വർഷം മുമ്പ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങൾ വിൽക്കാനോ, ബാങ്കുകളിൽ ഈടുവെച്ച് വായ്പയെടുക്കാനോ, പുതിയ വീട് നിർമ്മിക്കാനോ കഴിയാതെ വലിയ പ്രതിസന്ധിയിലാണ് തങ്ങളെന്ന് സ്ഥലമുടമകൾ പറഞ്ഞു. ശബരി റെയിൽവേ നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാർച്ചിൽ വീണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിന്റെ തുടർച്ചയായി സ്ഥലമെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതിനോ, അവിടെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനോ ഉള്ള ഫയലുകളിൽ ഇതുവരെയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള ഫയൽ നിലവിൽ റവന്യൂ മന്ത്രിയുടെ പരിഗണനയിലാണ്. നാടിന്റെ ഗതാഗത വികസനത്തിനായി സ്വന്തം കിടപ്പാടം പോലും സർക്കാരിന് വിട്ടുനൽകാൻ തയ്യാറായവർക്ക് അർഹമായ നീതി ലഭ്യമാക്കാൻ ചീഫ് വിപ്പ് ഇടപെടണമെന്നും, വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകണമെന്നും സ്ഥലമുടമകൾ ആവശ്യപ്പെട്ടു.
ശബരി റെയിൽവേ പദ്ധതി നിർവ്വഹണം വേഗത്തിലാക്കാൻ റെയിൽവേ, റവന്യൂ വകുപ്പുകളെയും ബന്ധപ്പെട്ട ജില്ലാ കളക്ടർമാരെയും ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു 'സ്‌പെഷ്യൽ ഓഫീസറെ' നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കാനും ചീഫ് വിപ്പിനോട് നിവേദക സംഘം ആവശ്യപ്പെട്ടു.
യു.എൻ. പ്രകാശ്, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, നൈറ്റസി കുര്യാക്കോസ്, അനീഷ് കുമാർ മാടത്താനിയിൽ, സണ്ണി തേക്കിലക്കാട്ടിൽ, ബെൻസൺ ഈറ്റകുന്നേൽ, സി.ജെ. കുര്യൻ എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |