SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

ചൂടിലുരുകി വോട്ടോട്ടം: പ്രചാരണത്തിൽ ശൈലിമാറ്റം

കൊല്ലം: വോട്ടർമാരെ നേരിൽ കാണാൻ നെട്ടോട്ടമോടുന്ന സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർത്ഥികളേക്കാൾ ഭയം കത്തുന്ന സൂര്യനെയാണ്. സംസ്ഥാനത്ത് പകൽ താപനില ഉയർന്നതോടെ പ്രചാരണ സമയക്രമം പൂർണമായും മാറ്റി. പതിവ് പ്രചാരണ രീതികളിൽ നിന്ന് മാറി, ആരോഗ്യത്തിന് മുൻഗണന നൽകിയാണ് പ്രചാരണം.

കാലാവസ്ഥ പ്രതികൂലമാണെങ്കിലും വോട്ടർമാരെ പരമാവധി നേരിൽ കാണാൻ കരുതലോടെയാണ് ഓരോ സ്ഥാനാർത്ഥിയും നീങ്ങുന്നത്. ​പകൽ 11 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് നേരിട്ടുള്ള പ്രചാരണം മുന്നണികൾ ഒഴിവാക്കി. ഈ സമയങ്ങളിൽ കുടുംബയോഗങ്ങൾക്കും സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുമാണ് മുൻഗണന.

തുറന്ന വാഹനങ്ങളിലെ പ്രചാരണവും ഒഴിവാക്കി. രാവിലെ നേരത്തെ ഇറങ്ങുകയും വൈകിട്ട് രാത്രിയിലേക്ക് നീളുന്ന രീതിയിലുമാണ് ഷെഡ്യൂളുകൾ. പല സ്വീകരണ കേന്ദ്രങ്ങളിലും വോട്ടർമാർ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് തണുത്ത മോരും വെള്ളവുമായാണ്. സൂര്യാഘാത സാദ്ധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്.

ആരോഗ്യം ശ്രദ്ധിക്കണം
 ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ കുടിക്കാൻ കുടിവെള്ളം കരുതുന്നുണ്ട്

 ചായയും കാപ്പിയും ഒഴിവാക്കി

 ഇളനീർ, നാരങ്ങാവെള്ളം, സംഭാരം എന്നിവയിലേയ്ക്ക് മാറി

 ചൂട് കഠിനമായിട്ടും വോട്ടർമാരുടെ മനസ് തണുപ്പിക്കാൻ ഓട്ടം

യെല്ലോ അലർട്ട്

ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

വേനൽച്ചൂടിനേക്കാൾ ആവേശമാണ് ജനങ്ങൾക്ക്. ദാഹം അകറ്റാൻ അവർ സ്നേഹത്തോടെ ഓരോന്നും കരുതുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് കരുതലോടെണ് നീങ്ങുന്നത്.

എസ്.ജയമോഹൻ, എൽ.ഡി.എഫ്

ചൂട് വകവയ്ക്കാതെ ആവേശച്ചൂടിലാണ് പ്രചാരണം മുന്നോട്ട് പോകുന്നത്. വെള്ളം കൂടുതൽ കുടിക്കും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ട്.

ബിന്ദു കൃഷ്ണ, യു.ഡി.എഫ് സ്ഥാനാർത്ഥി

രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള പരസ്യപ്രചാരണത്തിന് ഇടവേള നൽകി. ഈ സമയത്ത് ഇൻഡോർ മീറ്റിംഗുകൾക്കോ സോഷ്യൽ മീഡിയ ഇടപെടലുകൾക്കോ ആണ് മുൻഗണന.

ഡോ. എൻ.പ്രതാപ് കുമാർ, ബി.ജെ.പി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL