SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

സുനാമി ഫ്ളാറ്റിലെ കൊലപാതകം: പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി ഇന്ന്

കൊല്ലം: ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ളാറ്റിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന സെബാസ്റ്റ്യനെ (58) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയൽ ഫ്ളാറ്റിലെ താമസക്കാരൻ നവാസ് (31) കുറ്റക്കാരനാണെന്ന് കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് കണ്ടെത്തി. ശിക്ഷാ വിധി ഇന്ന് പ്രസ്താവിക്കും.

കൊലപാതകം, വീട്ടിനുള്ളിൽ അതിക്രമിച്ച് കടക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2023 നവംബർ 8ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പ്രതിയും കൊല്ലപ്പെട്ട സെബാസ്റ്റ്യനും അയൽവാസികളായിരുന്നു. സെബാസ്റ്റ്യന്റെ വീടിന് മുന്നിൽ പ്രതി നിരന്തരം ബീഡിക്കുറ്റികൾ ഇടുന്നതിനെക്കുറിച്ച് സെബാസ്റ്റ്യന്റെ ഭാര്യയും മരുമകളും പ്രതിയുടെ അമ്മയോട് പരാതി പറഞ്ഞതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം.

ഉച്ചയ്ക്ക് ഉണ്ണാൻ വന്ന സമയം സെബാസ്റ്റ്യന്റെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ഭാര്യയുടെയും മരുമകളുടെയും സാന്നിദ്ധ്യത്തിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യനെ കത്താൾ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യയെയും മകളെയും ഉപദ്രവിക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ട സെബാസ്റ്റ്യന്റെ ഭാര്യയടക്കം 19 സാക്ഷികളെ വിസ്തരിച്ചു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർമാരായ ആർ.രാജീവ്, വി.ഷിബു എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ.ജി മുണ്ടയ്ക്കൽ, അഡ്വ. അഗ്നജ് എസ്. ലാൽ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL