SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

പുനലൂർ: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. പിറവന്തൂർ കുരിയോട്ടുമല ആദിവാസി ഉന്നതിയിലെ സുരേഷാണ് (35) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ പുനലൂർ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

കൂലിപ്പണിക്കാരനായ സുരേഷ് കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി ഭാര്യ പിണങ്ങിപ്പോയെന്ന് പരാതിപ്പെട്ടിരുന്നു. മദ്യലഹരിയിലായിരുന്ന സുരേഷിനെ പൊലീസുകാർ സമാധാനിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. ചേച്ചിയുടെ വീട്ടിൽ പോയിരുന്ന ഭാര്യ അന്ന് തന്നെ വീട്ടിൽ മടങ്ങിയെത്തി. ഞായറാഴ്ച സുരേഷ് ഭാര്യയുമായി വഴക്കിട്ടു. വീട്ടുപകരണങ്ങളും അടിച്ചുതകർത്തു. ഇതോടെ ഭാര്യ 112ൽ വിളിച്ച് പരാതിപ്പെട്ടു. സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് സംഘം നിർദ്ദേശിച്ച പ്രകാരമാണ് സുരേഷും ഭാര്യയും ബന്ധുക്കളും ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയത്.

സുരേഷ് സ്റ്റേഷനിൽ എത്തുമ്പോൾ ഭാര്യ അവിടുണ്ടായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിയിൽ വച്ച് ഇയാൾ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയശേഷം സ്റ്റേഷനിലേക്ക് കയറിച്ചെല്ലുകയയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ആളുകൾ ബഹളം ഉണ്ടാക്ക‍ി. ജീപ്പ് കഴുകാൻ ശേഖരിച്ചുവച്ചിരുന്ന വെള്ളമൊഴിച്ച് പൊലീസുകാർ തീകെടുത്തി. ഇതിനകം കുഴഞ്ഞുവീണ സുരേഷിനെ പൊലീസുകാർ ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായിതനിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നത് ചൂണ്ടിക്കാട്ടി ഭാര്യ നേരത്തെയും സുരേഷിനെതിരെ പുനലൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടുമാസം പ്രായമുള്ള കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL