SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് തുറക്കാൻ കാത്തിരിപ്പ് തുടരുന്നു

യന്ത്രത്തകരാർ മൂലം അടഞ്ഞിട്ട് രണ്ടു മാസം

കൊല്ലം: ജി​ല്ലാ ആശുപത്രി​യി​ലെ കാത്ത് ലാബിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും യന്ത്രത്തകരാറിനെ തുടർന്ന് നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. കാത്ത് ലാബിന്റെ പ്രവർത്തനം സ്തംഭിച്ചതറിയാതെ ഇവിടേക്ക് ഓടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണ് നഷ്ടപ്പെടുന്നത്.

കാത്ത് ലാബ് യന്ത്രം പണിമുടക്കിയപ്പോൾ 15 ലക്ഷം രൂപയോളം ചെലവിട്ട് വയറിംഗ് പ്രശ്നം പരിഹരിച്ചിരുന്നു. എന്നിട്ടും യന്ത്രം പ്രവർത്തിച്ചി​ല്ല. അപ്പോഴാണ് ബോർഡിന്റെ തകരാർ തിരിച്ചറിഞ്ഞത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനും സ്വകാര്യ ഏജൻസിയും തമ്മിൽ അറ്റകുറ്റപ്പണിയുടെ ചെലവ് സംബന്ധിച്ച ചർച്ച നടക്കുന്നേയുള്ളൂവെന്നാണ് വിവരം. ഇടപാട് ഉറപ്പിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരുമാസത്തിലേറെ എടുക്കും. അതുവരെ പാവപ്പെട്ട രോഗികൾ ഗവ. മെഡി. ആശുപത്രി​കളി​ൽ കാത്തുകിടക്കുകയോ സ്വകാര്യ ആശുപത്രി​കളി​ൽ വൻ തുക നൽകി​ ചി​കി​ത്സയ്ക്ക് വിധേയരാവുകയോ വേണം. ജി​ല്ലാ ആശുപത്രി​യി​ലെ കാത്ത് ലാബിൽ ദിവസം നാല് വരെ ആൻജിയോഗ്രാമും ഒന്നോ രണ്ടോ ആൻജി​യോപ്ലാസ്റ്റിയും നടന്നിരുന്നതാണ്. ആഴ്ചയിൽ അഞ്ച് ദിവസമായിരുന്നു പ്രവർത്തനം.

രോഗികളുടെ ആശ്വാസകേന്ദ്രം

മാസം 80 രോഗികൾക്ക് വരെ കാത്ത് ലാബ് ആശ്വാസമേകിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ പോകാൻ പണമില്ലാത്ത പാവങ്ങളാണ് നെഞ്ചുവേദന വരുമ്പോൾ ഇവിടേക്ക് എത്തിയിരുന്നത്. ഒരു സ്ഥിരം തസ്തിക അടക്കം മൂന്ന് കാർഡിയോളജിസ്റ്റുകളാണ് ഇവിടെയുള്ളത്. ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നിലച്ചതോടെ കാർഡിയോളജി ഐ.സിയുവും കാർഡിയോളജി ഒ.പിയും മാത്രമാണ് പ്രവർത്തിക്കുന്നത്.

..................................


 ജില്ലയിൽ സർക്കാർ കാത്ത് ലാബ് രണ്ടിടത്ത് മാത്രം
 ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡി. ആശുപത്രിയിലും
 ഇ.എസ്.ഐയിലെ കാത്ത് ലാബ് നേരത്തെ അടഞ്ഞു
 ഇ.എസ്.ഐ അനുകൂല്യമുള്ളവരും പ്രതിസന്ധിയിൽ

..........................

വയറിംഗ് പ്രശ്നം പരിഹരിച്ചപ്പോഴാണ് കാത്ത് ലാബ് യന്ത്രത്തിന്റെ ബോർഡിനാണ് തകരാറെന്ന് സ്ഥിരീകരിച്ചത്. വൈകാതെ പ്രശ്നം പരിഹരിച്ച് പ്രവർത്തനം പുനരാരംഭിക്കും

ജില്ലാ ആശുപത്രി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL