SignIn
Kerala Kaumudi Online
Monday, 18 May 2026 11.19 PM IST

വേനൽമഴയിൽ പരക്കെ നാശം

കൊല്ലം: ജില്ലയിൽ കനത്ത നാശനഷ്ടം വിതച്ച് തോരാതെ വേനൽമഴ. എഴുകോണിൽ ദേശീയപാതയിൽ ഇന്നലെ മരം ഒടിഞ്ഞുവീണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് മരം കടപുഴകിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

അപകടസമയത്ത് റോഡിലൂടെ പോവുകയായിരുന്ന മിനി ബസിന് മുകളിലേക്കാണ് മരം വീണത്. ബസിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. സംഭവമറിഞ്ഞ് ഉടൻ കുണ്ടറ ഫയർ സ്റ്റേഷനിൽ നിന്ന് അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. മൂന്ന് മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ വൈകിട്ട് 5.45 ഓടെയാണ് മരം പൂർണമായും മുറിച്ചുമാറ്റി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

ജില്ലയിൽ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കൊട്ടാരക്കര, പുത്തൂർ തുടങ്ങി കിഴക്കൻ മേഖലയിൽ ശനിയാഴ്ച രാത്രിയിൽ തുടങ്ങിയ മഴ ഞായറാഴ്ച പകലും നീണ്ടുനിന്നു.​ നഗരപ്രദേശങ്ങളിൽ പലേടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു. പുത്തൂർ തെങ്ങുവിള മുക്ക്-മാവടി റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളെ ദുരിതത്തിലാക്കി. ഒരു വർഷമായി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല. ​

കഴിഞ്ഞ ദിവസം പുത്തൂർ തൃക്കണ്ണാപുരം കാവിൽ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിന്നിരുന്ന വലിയ കാഞ്ഞിരമരം ഒടിഞ്ഞുവീണ് നിറുത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

കാലവർഷത്തിലേക്കുള്ള മാറ്റം

 നിലവിലെ വേനൽമഴ കാലവർഷത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 26 ഓടെ (നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം) കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാദ്ധ്യത

 തമിഴ്‌നാടിന് മുകളിലായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയും കർണാടക, തമിഴ്‌നാട് വഴി നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് നിലവിലെ മഴയ്ക്ക് കാരണം

 കൂടാതെ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു

തെക്കൻ ജില്ലകളിൽ താഴ്ന്ന ലെവലിൽ പടിഞ്ഞാറൻ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അടുത്ത രണ്ട് ദിവസം കൂടി തുടരാൻ സാദ്ധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണം.

കാലാവസ്ഥാ കേന്ദ്രം അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL