കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ ഭാര്യയെയും മരുമകളെയും വെട്ടി. മരുമകളുടെ വലത് കൈപ്പത്തി അറ്റുപോയി. പ്രതി കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറേ വീട്ടിൽ എം.അലക്സാണ്ടറിനെ (60) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
അലക്സാണ്ടറുടെ ഭാര്യ സാറാമ്മ (55), മരുമകൾ ജിൻസി ജോൺ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് ആയിരുന്നു സംഭവം. പ്രവാസിയായിരുന്ന അലക്സാണ്ടർ രണ്ട് വർഷം മുൻപ് നാട്ടിലെത്തിയ ശേഷം ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറാണ്. ഭാര്യയുമായി ഏറെക്കാലമായി കുടുംബ പ്രശ്നങ്ങളുണ്ട്. നേരത്തേ കുടുംബ കോടതിയിൽ കേസ് ഉണ്ടായിരുന്നു. അലക്സാണ്ടറുടെ സ്വഭാവ ദൂഷ്യം ആരോപിച്ചായിരുന്നു തർക്കങ്ങൾ. ഇന്നലെ സാറാമ്മയും മകൻ ഷിന്റോയുടെ ഭാര്യ ജിൻസി ജോണും തമ്മിൽ ഈ വിഷയം സംസാരിക്കുന്നതും ആക്ഷേപിക്കുന്നതും അലക്സാണ്ടർ കേട്ടു. തുടർന്നാണ് മുൻപ് വിദേശത്തുനിന്ന് കൊണ്ടുവന്ന മൂർച്ചയുള്ള വളഞ്ഞ കത്തി ഉപയോഗിച്ച് അലക്സാണ്ടർ ആക്രമിച്ചത്. ജിൻസി ജോണിന്റെ കൈപ്പത്തി അറ്റ് നിലത്തുവീണു. സാറാമ്മയുടെ ദേഹത്ത് തലങ്ങും വിലങ്ങും വെട്ടി. ബഹളംകേട്ട് അയൽക്കാർ ഓടിക്കൂടിയാണ് പൊലീസിൽ അറിയിച്ചത്. സാറാമ്മയെയും ജിൻസിയെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. വീട്ടിൽ നിന്നുതന്നെയാണ് അലക്സാണ്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അലക്സാണ്ടറുടെ 97 വയസുള്ള അമ്മയും ഇതേ വീട്ടിലാണ് താമസം. മകൻ ഷിന്റോ പുറത്ത് പോയിരുന്ന സമയത്തായിരുന്നു ആക്രമണം. കൊട്ടാരക്കര പൊലീസ് കേസെടുത്തു. രാത്രിതന്നെ തെളിവെടുപ്പ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |