വിലക്കയറ്റം മാറാതെ വിപണി
കൊല്ലം: വിപണിയിലെ വില വർദ്ധനവ് ഉപഭോക്താക്കൾക്കൊപ്പം വ്യാപാരികളെയും വലയ്ക്കുന്നു. വില്പന ദിനംപ്രതി ഇടിയുന്നതിനാൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഇന്ധനവില വർദ്ധനവും പാചകവാതക ക്ഷാമവും ഒരുമിച്ച് എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വിറകിന്റെ വിലക്കയറ്റവും അവസ്ഥ മോശമാക്കി. കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് അരിവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത് മാത്രമാണ് നിലവിൽ വിപണിയിലെ ഏക ആശ്വാസം. മറ്റെല്ലാ സാധനങ്ങൾക്കും കൂടിയ വില തുടരുകയാണ്. മല്ലി, മുളക് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ കിലോയ്ക്ക് 230 രൂപയായിരുന്ന സാധാരണ മുളക് വില ഏപ്രിലിൽ 260 രൂപയായും മേയിൽ 265 രൂപയായും ഉയർന്നു. ഫെബ്രുവരിയിൽ 350 രൂപയായിരുന്ന പിരിയൻ മുളകിന് ഏപ്രിലിൽ 390 രൂപയായി.
ഏറ്റവും ഉയർന്ന വിലക്കയറ്റം കാശ്മീരി മുളകിലാണ്. ഫെബ്രുവരിയിൽ കിലോയ്ക്ക് 500 രൂപയായിരുന്നു. ഏപ്രിലിൽ 650 രൂപയായി.
ഫെബ്രുവരിയിൽ 125 രൂപയുണ്ടായിരുന്ന മല്ലി വില ഏപ്രിലിൽ 160 ആയി. ഇപ്പോൾ 155 രൂപ.
വാങ്ങൽ ചുരുങ്ങി
വിലക്കയറ്റം നീളുന്നത് വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങി ചുരുക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ പതിവ് തിരക്കില്ല. പെട്രോൾ, ഡീസൽ വില വർദ്ധനവ് മൂലം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൂലി കുത്തനെ ഉയർന്നതാണ് വിപണിയിലെ വിലക്കയറ്റം മാറ്റമില്ലാതെ തുടരാൻ പ്രധാന കാരണം. ഇനിയും വില കൂട്ടേണ്ടി വന്നാൽ വിപണി പൂർണ്ണമായും തകരുമെന്ന ഭയത്താലാണ് വ്യാപാരികൾ.
ഇനം, വില
ആന്ധ്ര അരി: 42- 43
പച്ചരി: 31 - 36
ഉണ്ട അരി: 45
വടി അരി: 50
മുളക്: 265
പിരിയൻ മുളക്: 375
കാശ്മീരി മുളക്: 640
മല്ലി: 155
പയർ: 100- 145
കടല: 67 - 90
ഉഴുന്ന്: 105 - 118
പഞ്ചസാര: 44- 50
വൻപയർ: 60 - 85
മസൂർ തുവര: 77
സവാള: 21
ചെറിയ ഉള്ളി: 54
വെളിച്ചെണ്ണ (കേര 900 മില്ലി): 305
ജീരകം: 265
കടുക്: 82
ഉലുവ: 85
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |