SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.35 AM IST

ആലം കിട്ടാനില്ല: കുടിവെള്ള ശുദ്ധീകരണം നാടാകെ കലങ്ങി

alam

കൊല്ലം: ആലത്തിന്റെ ക്ഷാമം കാരണം കുടിവെള്ള പദ്ധതികളിൽ ജല ശുദ്ധീകരണം പ്രതിസന്ധിയിൽ. പ്രാദേശികമായും ആലം ആവശ്യത്തിന് ലഭിക്കാത്തതിനാൽ പല പദ്ധതികളിലും പമ്പിംഗിന്റെ അളവ് കുറച്ചു. ശക്തമായ മഴയിൽ വെള്ളത്തിൽ കലക്കൽ വർദ്ധിച്ച് ആവശ്യം ഉയർന്നു നിൽക്കുന്നതിനിടെയാണ് ആലത്തിന് ക്ഷാമം നേരിട്ടിരിക്കുന്നത്.

ഹെഡ് ഓഫീസിൽ നിന്നുള്ള കരാർ പ്രകാരം കൊൽക്കത്തയിൽ നിന്നുള്ള കമ്പനിയാണ് കേരളത്തിലാകെയുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികൾക്ക് ആലം വിതരണം ചെയ്യുന്നത്. അലത്തിന്റെ നിർമ്മാണത്തിനുള്ള സൾഫ്യൂരിക് ആസിഡ് വിദേശത്ത് നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതോടെ സൾഫ്യൂരിക് ആസിഡിന്റെ വരവ് കുറഞ്ഞു. ഇതോടെ കരാർ കമ്പനിക്ക് വാട്ടർ അതോറിറ്റിക്ക് ആലം വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയായി.

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമല പ്ലാന്റിൽ വേനൽക്കാലത്ത് മണിക്കൂറിൽ പത്ത് കിലോ ആലമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മണിക്കൂറിൽ എൺപത് കിലോവരെ വേണ്ടിവരുന്ന സ്ഥിതിയാണ്. ജില്ലയിൽ 19 വൻകിട കുടിവെള്ള പദ്ധതികളാണുള്ളത്. അതിൽ ശാസ്താംകോട്ട തടാകത്തെ ആശ്രയിച്ചുള്ള രണ്ട് പദ്ധതികളൊഴികെ ബാക്കി 17 എണ്ണത്തിന്റെയും സ്രോതസ് ഒഴുക്കുള്ള ജലാശയങ്ങളാണ്.

ഏപ്രിലിൽ വിതരണം നിലച്ചു

 ജലത്തിലെ കലക്കലിന്റെ അളവ് മാനദണ്ഡ പ്രകാരമുള്ള ഒരു എൻ.ടി.യുവിൽ താഴെ എത്തിക്കാനാണ് ആലം ഉപയോഗിക്കുന്നത്

 വേനൽക്കാലത്ത് പമ്പ് ചെയ്യുന്ന ജലത്തിൽ കലക്കൽ കുറവായിരിക്കും

 അതിനാൽ ഏപ്രിൽ അവസാനവും മേയ് ആദ്യവും ആലത്തിന്റെ ക്ഷാമം നേരിട്ടില്ല

 മേയ് അവസാനവാരം വേനൽ മഴയും ഈമാസം ആദ്യം മൺസൂണും ശക്തി പ്രാപിച്ചു

 ഇതോടെ ജലസ്രോതസുകളിൽ കലക്കൽ വർദ്ധിച്ചു

 ആലത്തിന്റെ ആവശ്യം കൂടിയ സമയത്താണ് വിതരണം നിലച്ചിരിക്കുന്നത്

 ഏപ്രിൽ അവസാനമാണ് കമ്പനി ഏറ്റവുമൊടുവിൽ ആലം എത്തിച്ചത്

കിലോയ്ക്ക് 30 രൂപ

കിലോയ്ക്ക് 18 രൂപയ്ക്കാണ് വാട്ടർ അതോറിറ്റിക്ക് ആലം ലഭിച്ചിരുന്നത്. ഇപ്പോൾ പ്രാദേശികമായി വാങ്ങുമ്പോൾ 25 മുതൽ 30 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ക്ഷാമം രൂപപ്പെട്ടതോടെ സ്വകാര്യ ഏജൻസികൾ തങ്ങളുടെ പക്കലുള്ള സ്റ്റോക്കിന് വില ഉയർത്തിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ആലത്തിന്റെ ഗുണനിലവാരത്തിലും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.

കരാർ പ്രകാരമുള്ള ആലം മുടങ്ങിയ സാഹചര്യത്തിൽ ലോക്കൽ പർച്ചേസിന് നിർദേശം നൽകിയിട്ടുണ്ട്.

സൂപ്രണ്ടിംഗ് എൻജിനിയർ, വാട്ടർ അതോറിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL