SignIn
Kerala Kaumudi Online
Monday, 13 July 2026 1.53 AM IST

മൂന്ന് ദിവസം ഓടയിൽ ഒളിച്ചിരുന്ന യുവാവിനെ കീഴ്പ്പെടുത്തി

കൊല്ലം: മാനസിക വിഭ്രാന്തിയുള്ള യുവാവ് ഓടയിൽ ഒളിച്ചിരുന്ന് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉളിയക്കോവിൽ തുണ്ടിൽ വീട്ടിൽ ഗിരീഷിനെയാണ് (46) ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഗിരീഷ് ഓടയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.

രണ്ടു ദിവസമായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഇയാളെ പുറത്തിറക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, കൈയിൽ കമ്പിവടിയുമായി തക്കംപാർത്തിരുന്ന ഇയാൾ, അടുത്തെത്തുന്നവരെയെല്ലാം ആക്രമിക്കാൻ മുതിർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. അമ്മയെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പുറത്തിറങ്ങാൻ തയ്യാറായില്ല. ദിവസങ്ങൾക്ക് മുമ്പ് ഉളിയക്കോവിൽ ഭാഗത്തെ വീട്ടിൽ അതിക്രമിച്ച് കയറി ഗിരീഷ് ആക്രമണം നടത്തിയിരുന്നു. തുടർന്ന് വീട്ടുകാർ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസിനെ ഭയന്നാണ് ഇയാൾ സമീപത്തെ ഓടയിൽ കയറി ഒളിച്ചത്. ലഹരിക്കടിമയായ ഗിരീഷ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് മുമ്പും ഊളമ്പാറയിൽ കൊണ്ടുപോയി ചികിത്സിച്ചിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചോടെ പ്രദേശവാസികളായ രാജേഷ്, മനു, സനിൽ കുമാർ, അനീഷ്, പ്രകാശ് എന്നിവരുടെ സഹായത്തോടെയാണ് കടപ്പാക്കട ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. ഉടൻ പൊലീസിന്റെ സഹായത്തോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL