SignIn
Kerala Kaumudi Online
Monday, 13 July 2026 1.53 AM IST

പരീക്ഷയ്ക്ക് പോയ യുവതികൾ രക്ഷകരായി

remya

കൊട്ടാരക്കര: ഓടനാവട്ടത്ത് അപകടത്തിൽപ്പെട്ട കാർ യാത്രക്കാരുടെ രക്ഷയ്ക്ക് ഓടിയെത്തിയത് പരീക്ഷയ്ക്ക് പോയ യുവതികൾ. ഓടനാവട്ടം ആശാൻപടിക്ക് സമീപം ഇന്നലെ രാവിലെ 8 ഓടെയാണ് നിയന്ത്രണംവിട്ട കാർ കേബിൾ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞത്. അപകടം കണ്ടതോടെ ഓയൂർ ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് അവിടെ നിറുത്തി.

ഡ്രൈവറും കണ്ടക്ടറും രക്ഷാപ്രവർത്തനത്തിനായി ഓടിയിറങ്ങുന്നത് കണ്ടതോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കളായ സീരിയൽ ആർട്ടിസ്റ്റ് ആർ.രാഖിയും ഫെജിനയും രമ്യ അഖിലും ചാടിയിറങ്ങി. ചരിഞ്ഞുകിടന്ന കാറിന്റെ ഒരു വശത്തെ ഡോർ തുറന്നത് രമ്യയാണ്. അകത്തുണ്ടായിരുന്ന കൈക്കുഞ്ഞിനെ രാഖി കോരിയെടുത്തു. ഫെജിനയും രമ്യയും ചേർന്ന് മറ്റൊരു കുട്ടിയെയും കാറിൽ നിന്ന് പുറത്തെടുത്തു. കുട്ടിയുടെ മുഖത്ത് മുറിവേറ്റിരുന്നു. അപ്പോഴേക്കും ഓടിയെത്തിയ മറ്റുള്ളവരും ചേർന്ന് കാറിലുണ്ടായിരുന്ന ബാക്കിയുള്ളവരെയും പുറത്തിറക്കി.

പട്ടാഴി വടക്കേക്കര ചെളിക്കുഴിയിൽ മനുവില്ലയിൽ വിപിൻനാഥും കുടുംബവുമാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജ് എൽ.എസ്.സിയിലെ പഠിതാക്കളാണ് രാഖിയും ഫെജിനയും രമ്യയും. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന ബി.എ മലയാളം അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് പോകുന്നവഴിയാണ് അപകടം നേരിൽക്കണ്ടതും രക്ഷാദൗത്യത്തിനിറങ്ങിയതും. രക്തംപുരണ്ട വസ്ത്രങ്ങളുമായിട്ടാണ് ഇവർ പരീക്ഷാ സെന്ററിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL