
കൊല്ലം: കൊട്ടാരക്കര പട്ടണ നടുവിൽ കോടികളുടെ സ്വകാര്യ ഭൂമി വെറുതെ നശിക്കുന്നു, താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള ഭൂമിയായതിനാൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നിഷേധം. ആശുപത്രിയുടെ മുന്നിലെ കണ്ണായ ഭാഗത്തെ 30 സെന്റ് ഭൂമിയാണ് യാതൊരു തരത്തിലും ഉപയോഗിക്കാൻ ഉടമയ്ക്ക് കഴിയാത്തത്.
ആശുപത്രിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയെന്ന നിലയിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരസഭ അനുമതി നൽകാറുമില്ല. പലരുടെ കൈവശമിരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തി മൂന്ന് പതിറ്റാണ്ട് മുമ്പ് വലിയ വിലകൊടുത്ത് വാങ്ങിയത്. ഈ ഭൂമിയിൽ നേരത്തേ ഉണ്ടായിരുന്ന ചെറിയ കെട്ടിടത്തിൽ ആഹാരം പാചകം ചെയ്ത് ആശുപത്രിയിലെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തുവന്നതുമാണ്.
ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് അനുമതി ചോദിച്ചപ്പോഴാണ് നഗരസഭ അധികൃതർ എതിർത്തത്. താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാക്കി മാറ്റാനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾ ഏറ്റെടുക്കേണ്ട ഭൂമിയാണെന്നും അതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു. തുടർന്ന് പേ ആൻഡ് പാർക്ക് സംവിധാനത്തിന് ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴും അനുമതി നിഷേധിച്ചു. ഇരുപത് വർഷമായി യാതൊരു ഉപയോഗവുമില്ലാതെ പട്ടണത്തിന്റെ നടുവിലെ ഈ ഭൂമി കാടുമൂടി നശിക്കുകയാണ്. ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയുമൊക്കെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
കരഭൂമി വേണ്ട, ചതുപ്പ് മതി
താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാക്കാൻ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നു
നൂറുകോടിയുടെ പദ്ധതി 2020 ആഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്
അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് മാത്രമാണ് ഇതുവരെ ഉദ്ഘാടനം ചെയ്തത്
ഇപ്പോൾ 68 കോടി രൂപയുടെ നിർമ്മാണം പുനരാരംഭിച്ചു
ഇതിനിടയിൽ ആശുപത്രിയുടെ പിൻഭാഗത്തെ ഭൂമി ഏറ്റെടുത്തു
വലിയ വിലകൊടുത്ത് വാങ്ങിയത് ചതുപ്പ് ഭൂമി
ആശുപത്രിക്ക് വിട്ടുകൊടുക്കാൻ തയ്യാറായിരുന്ന ഭൂമിയും ഇതിലുൾപ്പെടും
പിന്നിൽ ഭൂമാഫിയ ഇടപെടലെന്ന് ആക്ഷേപം
എന്നിട്ടും ആശുപത്രിക്ക് മുന്നിലെ കരഭൂമിയായ 30 സെന്റ് ഏറ്റെടുത്തില്ല
ഭൂമി ആശുപത്രിക്ക് ഗുണകരം
താലൂക്ക് ആശുപത്രിയിൽ തിരക്കേറിവരികയാണ്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടും. കൂടുതൽ കെട്ടിടം നിർമ്മിക്കാനും വാഹന പാർക്കിംഗിനുമൊക്കെ ഉപയോഗിക്കാവുന്ന കണ്ണായ ഭൂമിയാണ് സ്വകാര്യ വ്യക്തിയുടേത്. മറിച്ചുവിൽക്കാനോ നിർമ്മാണം നടത്താനോ പേ ആൻഡ് പാർക്കിനോ അനുവദിക്കാത്ത ഭൂമി, ആശുപത്രിക്ക് ഏറ്റെടുത്താൽ കൂടുതൽ ഗുണകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |