കൊല്ലം: സപ്ലൈകോ ഓണം ഫെയറിൽ കൊല്ലത്തിന് 48 ലക്ഷം രൂപയുടെ വിറ്റുവരവ്. സംസ്ഥാനത്തെ 11 ജില്ലാ ഫെയറുകളിലെ നോൺ സബ്സിഡി, നോൺ മാവേലി ഉത്പന്നങ്ങളുടെ വില്പനയിൽ കൊല്ലം ഒന്നാമതെത്തി. ജില്ലാ ഫെയറിലെ മൊത്തം വിറ്റുവരവിൽ 28.32 ലക്ഷം രൂപ ഈ വിഭാഗത്തിൽ നിന്നാണ്.
13 മുതൽ ഉത്രാടദിനമായ 25വരെ ആശ്രാമം മൈതാനത്ത് നടന്ന ജില്ലാ ഫെയറിലൂടെയാണ് സപ്ലൈകോ നേട്ടം കൈവരിച്ചത്. ഓണക്കാലത്ത് 13 സബ്സിഡി സാധനങ്ങൾ വില വർദ്ധിപ്പിക്കാതെ ലഭ്യമാക്കിയതും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയതും വിൽപ്പന വർദ്ധിക്കാൻ സഹായിച്ചു.
1000, 1500, 2000 രൂപ നിരക്കുകളിലുള്ള ഓണക്കിറ്റുകൾക്കും 299 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റിനും ആവശ്യക്കാരേറെയുണ്ടായി. 500, 1000 രൂപയുടെ ഗിഫ്ട് കാർഡുകൾ ഉപയോഗിച്ച് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജില്ലയിൽ നിലവിലുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളോട് ചേർന്നാണ് ഫെയറുകൾ സംഘടിപ്പിച്ചത്. മൊത്തം ഓണവില്പനയുടെ കണക്ക് ഈ മാസം അവസാനത്തോടെ പുറത്തുവരും.
വെളിച്ചെണ്ണ വിലയിൽ ആശ്വാസം
സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 229 രൂപയ്ക്കാണ് ലഭ്യമാക്കിയത്. നേരത്തെ 249 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ 20 രൂപ കുറച്ചിരുന്നു. സ്വകാര്യ ബ്രാൻഡുകളുടെ വെളിച്ചെണ്ണ വില 300രൂപ കടന്ന സാഹചര്യത്തിലായിരുന്നു ഇത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |