ഈടില്ലാതെ 15,000 മുതൽ 50,000 രൂപ വരെ വായ്പ
കൊല്ലം: വഴിയോരക്കച്ചവടക്കാർക്ക് കൈത്താങ്ങായി പി.എം സ്വനിധി പദ്ധതി. ജില്ലയിൽ ഇതുവരെ 11,163 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. ഈടില്ലാതെ ബാങ്ക് വായ്പ ലഭിച്ചതോടെ ലോട്ടറി വില്പന മുതൽ ഭക്ഷ്യവില്പന വരെയുള്ള ചെറുകിട കച്ചവടക്കാരുടെ പ്രശ്നങ്ങൾക്ക് പദ്ധതി വലിയ കൈത്താങ്ങായി.
താത്കാലിക ഷെൽട്ടറുകളിലും ബങ്കുകളിലും വഴിയോരങ്ങളിലും കച്ചവടം നടത്തുന്നവർക്കാണ് പ്രധാനമായും സഹായം ലഭിക്കുന്നത്. ലോട്ടറി വില്പനക്കാർ, തുണിക്കച്ചവടക്കാർ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർ, ചെരുപ്പുപണിക്കാർ, ഇസ്തിരി തൊഴിലാളികൾ, തയ്യൽക്കാർ, പൂച്ചെടി വില്പനക്കാർ തുടങ്ങിയവർക്കും അർഹരായ കുടുംബശ്രീ സംരംഭങ്ങൾക്കും പദ്ധതിയിൽ വായ്പ ലഭിക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ഏഴ് ശതമാനം പലിശ സബ്സിഡിയും യു.പി.ഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്ക് ഇൻസെന്റീവും ലഭിക്കും. കേരളത്തിൽ കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരപ്രദേശങ്ങളിൽ മാത്രം നടപ്പാക്കിയിരുന്ന പി.എം സ്വനിധി പദ്ധതി ഈ സാമ്പത്തിക വർഷം മുതൽ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു. 2011ലെ സെൻസസ് ടൗണുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിലാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്.
വായ്പ ഇങ്ങനെ
ആദ്യഘട്ടത്തിൽ 15,000 രൂപ വരെ വായ്പ ലഭിക്കും. ഇത് 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം. ആദ്യ വായ്പ കൃത്യമായി തിരിച്ചടച്ചാൽ രണ്ടാംഘട്ടത്തിൽ 25,000രൂപ വരെ വീണ്ടും വായ്പ ലഭിക്കും. രണ്ടാംഘട്ട വായ്പയും കൃത്യമായി തിരിച്ചടച്ചാൽ മൂന്നാംഘട്ടത്തിൽ 50,000 രൂപ വരെ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
സ്ഥിരം കടമുറിയില്ലാതെ വഴിയോരങ്ങളിലും താത്കാലിക ഷെൽട്ടറുകളിലും ബങ്കുകളിലും കച്ചവടം നടത്തുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |