SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

തി​യറ്ററുകളി​ൽ സി​നി​മ കാണാൻ വൻ ചെലവ്!

ടി​ക്കറ്റി​നും ഭക്ഷണ സാധനങ്ങൾക്കും കൊള്ളവി​ല

കൊല്ലം: സിനിമ കാണാൻ ടിക്കറ്റിനും തിയറ്ററിലെ ഭക്ഷണത്തി​നും ഈടാക്കുന്നത് കൊള്ളവി​ല. ജില്ലയിലെ മൾട്ടിപ്ലക്സുകളിലടക്കം സിനിമയും ദിവസവും അനുസരിച്ച് ടിക്കറ്റ് നിരക്ക് 180 മുതൽ 300 വരെയാണ്. റിലീസ് ദിവസങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും നിരക്ക് കൂട്ടുന്നതായും പരാതിയുണ്ട്. ട

അരലിറ്റർ കുപ്പിവെള്ളത്തിന് 50 വരെയും പോപ്‌കോണിന് 150 മുതൽ 300വരെയും ചില തിയറ്ററുകളിൽ ഈടാക്കുന്നു. പുറത്ത് 40ന് ലഭിക്കുന്ന ശീതളപാനീയത്തിന് 60ഉം 12 രൂപ എം.ആർ.പി രേഖപ്പെടുത്തിയ ജ്യൂസിന് 20 വരെയുംവാങ്ങുന്നു. ഒരേ തിയറ്ററിലെ ഒരേ വിഭാഗം സീറ്റിന് സിനിമയ്ക്കും ദിവസത്തിനും അനുസരിച്ച് വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ഡൈനാമിക് പ്രൈസിംഗ് രീതിയാണ് നിലവിലുള്ളത്.

തിയറ്ററുകളെ എ, ബി, സി വിഭാഗങ്ങളാക്കി പരമാവധി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനും പരിധിക്കുള്ളിൽ ഡൈനാമിക് പ്രൈസിംഗിന് അനുമതി നൽകാനും ശുപാർശ ചെയ്ത റിപ്പോർട്ടി​ൽ ഇതേവരെ യാതൊരു നടപടി​യും ഉണ്ടായി​ട്ടി​ല്ല. ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് ടിക്കറ്റ് നിരക്ക് പരിഷ്കരണ സമിതി രൂപീകരിച്ചത്. സമിതി സർക്കാരിലേക്ക് നൽകിയ റിപ്പോർട്ട് മാർച്ചിൽ സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി സത്യവാങ്മൂലം സഹിതം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനത്തിന് മുൻപായി തിയേറ്റർ മൾട്ടിപ്ലക്സ് കമ്പനികളുടെ ഭാഗം കൂടി കേൾക്കണമെന്ന് കോടതി നിർദേശിച്ചതോടെ തുടർനടപടികൾ നീണ്ടു. ഇതിനിടെ മേയിൽ സർക്കാർ മാറി.

മാതൃകയാക്കാം തമിഴ്നാടിനെ

കേരളത്തിൽ തോന്നിയ നിരക്കാണു തിയറ്ററുകൾ ഈടാക്കുന്നതെങ്കിൽ തമിഴ്നാട്ടിൽ മൾട്ടിപ്ലക്സിൽ നിശ്ചിത നിരക്കിൽ കൂടുതൽ വാങ്ങാൻ കഴിയില്ല. 150 രൂപയാണു അടിസ്ഥാന നിരക്ക്. ചെന്നൈയിലെ സത്യം, എസ്കേപ്പ് തുടങ്ങി പ്രമുഖ മൾട്ടിപ്ലക്സുകളിലെല്ലാം ഇതുതന്നെയാണ് ടിക്കറ്റ് നിരക്ക്. തിയറ്റർ ടിക്കറ്റ് നിരക്ക് നിയന്ത്രണ നിയമ പ്രകാരം തിയറ്ററിലെ ആദ്യ വരി സീറ്റുകൾ 15രൂപയ്ക്കും കിട്ടും. ബാക്കിയെല്ലാ സീറ്റുകളും 150 രൂപയ്ക്ക് ലഭിക്കും.

ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം സാധാരണക്കാർക്ക് ആദ്യ രണ്ടാഴ്ച സിനിമ കാണാനാകാത്ത സ്ഥിതിയാണ്. റിപ്പോർട്ട് നടപ്പിലായാൽ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.

അഡ്വ. മനു ജി.നായർ

ഹർജ്ജിക്കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL