ചാത്തന്നൂർ: നാട്ടിലിറങ്ങിയ ചുറ്റിയ ശേഷം മടങ്ങിയ പുള്ളിമാൻ ഇനിയും എത്തുമോ എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാരംകോട് കണ്ണേറ്റ നിവാസികൾ. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ തങ്ങളുടെ വീട്ട് മുറ്റങ്ങളിൽക്കൂടി പോയ മാനിനെ വീണ്ടും കാണാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കാട്ടുപന്നിയെയും കാട്ടുപോത്തിനെയും പോലെ 'ഭീകര' ഗണത്തിൽപ്പെടാത്തതിനാൽ, കാട്ടിനിന്ന് ഇറങ്ങിവരുന്നവയുടെ കൂട്ടത്തിൽ നാട്ടുകാർ സ്വാഗതം ചെയ്യുന്നത് പുള്ളിമാനിനെ മാത്രമാണ്. ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് ദേശത്തും പുള്ളിമാൻ എത്തിയിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെ റബർ ടാപ്പിംഗിനായി, ഉളിയനാട് സ്വദേശിയായ പ്രശാന്ത് സ്കൂട്ടറിൽ വരുമ്പോഴാണ് അപ്രതീക്ഷിതമായി മാനിനെ കാണുന്നത്. ഉടൻ മൊബൈലിൽ പകർത്തി. വാഹനവും ലൈറ്റ് വെട്ടവും കണ്ടതോടെ കാരംകോട് ചിറയുടെ ഭാഗത്തേക്ക് കുതിച്ചു പാഞ്ഞ മാനിനെ പിന്നെയാരും കണ്ടിട്ടില്ല. നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല കാരംകോട് ചിറയുടെ
ഭാഗങ്ങളും ചാത്തന്നൂർ തോടിന്റെ തീരങ്ങളും കനാൽ തീരങ്ങളും കാട് പിടിച്ചു കിടക്കുകയാണ്. വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലമാണെന്ന് മാനിനെ കണ്ടവർ പറയുന്നു. ആവശ്യത്തിന് പുല്ലും ഉണ്ട്. അതുകൊണ്ട് തന്നെ പുള്ളിമാൻ ഇനി പുറത്തിറങ്ങി വന്നാലേ കാണാൻ കഴിയൂ.
നാട്ടിലെ നായ്ക്കൾക്ക് പുള്ളിമാനിനൊപ്പം ഓടിയെത്താൻ പറ്റില്ല. നായ്ക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് കാരംകോട് ഭാഗത്തെ റോഡിൽ വച്ച് മാനിനെ കണ്ടത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങളിൽ കയറി ഇവിടെ എത്തിയപ്പോൾ ഇറങ്ങി ഓടിയതാവാനും സാദ്ധ്യതയുണ്ട്.
വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാരംകോട് ഭാഗത്ത് പഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തണം. കനാലിൽ വളർന്ന് നിൽക്കുന്ന കാട് ഫയർഫോഴ്സിന്റെ സഹായത്തോടെ വെട്ടിത്തെളിച്ച് ജനങ്ങളുടെ ഭീതി ഒഴിവാക്കണം. കരടി വന്നപ്പോൾ മുതൽ ജനങ്ങൾ ഭീതിയിലാണ്
പ്രമോദ് കാരംകോട്, മുൻ ഗ്രാമപഞ്ചായത്ത് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |