SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

ജില്ലയിൽ ഇൻഫ്ലുവൻസയും രണ്ടാഴ്ചയ്ക്കിടെ 43 രോഗി​കൾ

ഒരു മാസത്തി​നി​ടെ രണ്ടു മരണം

കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ പെരുകുന്നു. ഇൻഫ്ലുവൻസ ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ 43 പേർ ചികിത്സ തേടി. ഈ രോഗം കാരണം ഒരു മാസത്തിനിടെ രണ്ടുപേർ മരി​ച്ചു. കഴിഞ്ഞ ദിവസം ഇൻഫ്ലുവൻസ ബാധിച്ച് കുളത്തപ്പുഴ സ്വദേശിയായ 49 കാരൻ മരി​ച്ചത്.

ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ നാല് പേർ മരി​ച്ചു. ആദിച്ചനല്ലൂർ സ്വദേശിയായ 44 കാരൻ എലിപ്പനി നി​മി​ത്തം കഴി​ഞ്ഞ ദി​വസമാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തേവലക്കര സ്വദേശിയായ 38 വയസുകാരനും മരണമടഞ്ഞു.

​ഇൻഫ്ലുവൻസയും പ്രതിരോധവും

ഇൻഫ്ലുവൻസ വൈറസ് വഴിയാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗബാധിതരായ വ്യക്തികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറന്തള്ളുന്ന സ്രവങ്ങളിലൂടെയും വായുവിലൂടെയുമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്.

​പ്രധാന ലക്ഷണങ്ങൾ: കടുത്ത പനി, വിറയൽ, ശക്തമായ തലവേദന, തൊണ്ടവേദന, വിട്ടുമാറാത്ത വരണ്ട ചുമ, കഠിനമായ ശരീരവേദന, അമിതമായ ക്ഷീണം

​ചികിത്സയും മരുന്നുകളും: രോഗിക്ക് ആവശ്യമായ വിശ്രമവും ധാരാളം വെള്ളവും നൽകുന്നതിലൂടെ രോഗം ഭേദമാക്കാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്ന ആന്റിവൈറൽ മരുന്നുകൾ രോഗാവതീവ്രത കുറയ്ക്കാൻ സഹായിക്കും.

​പ്രതിരോധ മാർഗ്ഗങ്ങൾ: ​സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക, ​ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലയോ തുണിയോ ഉപയോഗിച്ച് മൂടുക, ​രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ വിശ്രമിക്കുക.

...........................

​എലിപ്പനി

​മണ്ണിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ജോലി ചെയ്യുന്നവരിലാണ് എലിപ്പനി പ്രധാനമായും കണ്ടുവരുന്നത്. എലിയുടെ മൂത്രത്തിലൂടെയും വിസർജ്യത്തിലൂടെയും വെള്ളം മലിനമാക്കപ്പെടുന്നു. ശരീരത്തിലെ മുറിവുകൾ വഴിയോ ചർമ്മത്തിലെ സുഷിരങ്ങൾ വഴിയോ ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിക്കും. കടുത്ത പനി, ശക്തമായ തലവേദന, ശരീരവേദന, കണ്ണിന് ചുവപ്പ് നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്നവർ പ്രതിരോധ ഗുളിയായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

​ഡെങ്കിപ്പനി

​ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണ് ഇതിന്റെ വാഹകർ. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം. പെട്ടെന്ന് ഉണ്ടാകുന്ന കടുത്ത പനി, സന്ധികളിലും പേശികളിലും വേദന, ചർമ്മത്തിൽ കാണപ്പെടുന്ന ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തി കൃത്യമായ ചികിത്സ ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL