തൃശൂർ: മോർച്ചറിക്ക് മുന്നിൽ കണ്ണീരുമായി കാത്തുനിന്ന ബന്ധുക്കൾ... ഒന്നിന് പിന്നാലെ ഒന്നായി പുറത്തേക്ക് എത്തുന്ന മൃതദേഹങ്ങൾ... ആശ്വസിപ്പിക്കാനാകാതെ പൊലീസും ആരോഗ്യപ്രവർത്തകരും. കയ്പമംഗലം അപകടത്തിൽ എട്ടു വിദ്യാർഥികൾ മരിച്ചതിന്റെ വേദന ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ നിറഞ്ഞുനിന്നു.
'എൻ ചാമിയേ... എൻ തങ്കമേ...' 20കാരനായ ജീവയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നെഞ്ചുപൊട്ടി കരഞ്ഞ അമ്മ മേഖലയുടെ നിലവിളി കേട്ടുനിന്നവരുടെ ഹൃദയം പിളർത്തുന്നതായിരുന്നു. തലേന്ന് രാത്രിവരെ തന്നോട് സംസാരിച്ച മകൻ ഇനി ഇല്ലെന്ന യാഥാർത്ഥ്യം ആ അമ്മയ്ക്ക് ഉൾക്കൊള്ളാനായില്ല. ജീവിതത്തിന്റെ നിറമുള്ള പ്രതീക്ഷകളെല്ലാം മകനിൽ അർപ്പിച്ച അമ്മയ്ക്ക് അവസാനമായി മകന്റെ മുഖം ഒരുനോക്ക് കാണാൻ ധൈര്യമുണ്ടായിരുന്നില്ല. തീരാത്ത വേദനകളുടെ കാഴ്ചകളായിരുന്നു ഇന്നലെ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 6.30 മുതൽ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് എത്തിച്ചു. ഒൻപതോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പിന്നാലെ ഓരോ കുടുംബവും മോർച്ചറിക്ക് മുന്നിലെത്തി. ഓരോ മൃതദേഹവും മോർച്ചറിയുടെ വാതിൽ കടന്ന് പുറത്തേക്ക് വരുമ്പോഴും അവിടെ ഉയർന്നത് നിലവിളികൾ മാത്രം. കുട്ടികളെ തേടിയവരിൽ ചിലർ പൊട്ടിക്കരഞ്ഞു. ചിലർ അലമുറയിട്ടു. മറ്റു ചിലർ തളർന്നുവീണു. തങ്ങളുടെ മക്കളെ തേടിയെത്തിയ മാതാപിതാക്കളെ ആശ്വസിപ്പിക്കേണ്ടിവന്നത് ആരോഗ്യവകുപ്പ് അധികൃതർക്കും പൊലീസിനുമായിരുന്നു.
ഒന്നിന് പിന്നാലെ ഒന്നായി...
പോസ്റ്റ്മോർട്ടം പൂർത്തിയാകുന്നതിനനുസരിച്ച് മൃതദേഹങ്ങൾ ഓരോന്നായി ബന്ധുക്കൾക്ക് കൈമാറി.
10.40ന് യുവ സഞ്ജിത്തിന്റെ മൃതദേഹം.
11.45ന് സന്തോഷിന്റെ മൃതദേഹം.
12ന് ജോഷ്വയുടെ മൃതദേഹം.
12.15ന് സൂര്യയുടെ മൃതദേഹം.
12.50ന് വിശ്വയുടെ മൃതദേഹം.
1.30ഓടെ ജീവയുടെ മൃതദേഹം.
വൈകിട്ട് അഞ്ചരയോടെ എട്ടു മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകി.
എവിടേയ്ക്കെന്ന് അറിയാതെ...
മക്കൾ അവസാനമായി എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ പല കുടുംബങ്ങൾക്കും വ്യക്തതയില്ല. ചിലർ വീട്ടുകാരോട് പറഞ്ഞത് കൂട്ടുകാരോടൊപ്പമുള്ള വിനോദയാത്ര എന്നായിരുന്നു. മറ്റുചിലർ പറഞ്ഞത് സുഹൃത്ത് പുതിയ വാഹനം വാങ്ങിയതിന്റെ ട്രീറ്റാണെന്നായിരുന്നു. ചിലർ യാത്രയെക്കുറിച്ച് വീട്ടിൽ അറിയിച്ചതേയില്ല. കുട്ടികളുടെ ഈ യാത്രയെക്കുറിച്ച് കോളേജ് അധികൃതർക്കും അറിവുണ്ടായിരുന്നില്ല.
അപകടത്തിൽ ദേശീയപാതാ അതോറിറ്റിക്കെതിരെയും കേസെടുക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എൻ.എച്ച്.എ.ഐ ദേശീയപാതാ നിർമ്മാണം നടത്തുന്നത്. സുരക്ഷാ ഓഡിറ്റ് നടത്തണം.
മുൻ മന്ത്രി കെ. രാജൻ എം.എൽ.എ
എൻ.എച്ച്.എ.ഐക്കെതിരെ ജനകീയ പ്രതിഷേധം ഉയരും. എൻ.എച്ച്.എ.ഐയുടെ അശാസ്ത്രീയ നിർമ്മാണത്തിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുമെതിരെ നേരത്തെയും പലവട്ടം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇനിയും ഇത്തരം അനാസ്ഥകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല.
കെ.കെ. വത്സരാജ് എം.എൽ.എ
രക്ഷാപ്രവർത്തനത്തിന് നാടൊന്നാകെ
തൃശൂർ: അപകടവാർത്ത കാതിലെത്തിയതും രക്ഷാപ്രവർത്തനത്തിന് നാടൊന്നാകെ ഓടിയെത്തി. പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഒരുമിച്ച് രംഗത്തിറങ്ങി. മരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിലും രക്ഷാപ്രവർത്തനത്തിലും നാട്ടുകാരും ജനപ്രതിനിധികളും മുന്നിലുണ്ടായി.
രാവിലെ തന്നെ മന്ത്രി ഒ.ജെ. ജനീഷ്, കെ.കെ. വത്സരാജ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റൂറൽ എസ്.പി മുഹമ്മദ് നദീമുദിൻ എന്നിവർ സ്ഥലത്തെത്തി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ ജില്ലാ കളക്ടറും എസ്.പിയും നിർദ്ദേശം നൽകി. രാവിലെ 10.40ന് ആദ്യ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.മക്കളെ തേടി ഭൂരിഭാഗം ബന്ധുക്കളും രാവിലെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയിരുന്നു. ചിലർ വീടുകളിൽനിന്നും മറ്റുചിലർ ഹോസ്റ്റലുകളിൽനിന്നുമാണ് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്.
മുന്നറിയിപ്പില്ലാ വഴി, ഇരുട്ടിൽ മരണം;
ഹൈവേ 'മരണവഴി'
തൃശൂർ: റോഡിലെ ഒരു വളവ്, മുന്നറിയിപ്പില്ലാത്ത ഡൈവേർഷൻ, ഇരുട്ടിൽ കാണാത്ത ലോറി... കയ്പമംഗലത്ത് എട്ടു ജീവനുകൾ പൊലിഞ്ഞ ദുരന്തത്തിന് പിന്നിൽ ഉയരുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ. ഡ്രൈവറുടെ പിഴവ് മാത്രമല്ല, ദേശീയപാത നിർമ്മാണ മേഖലയിലെ അധികൃതരുടെ അനാസ്ഥയും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്ന ആരോപണം ശക്തമാണ്.
ദേശീയപാതയുടെ ഒന്നാം ട്രാക്കിലെ അതിവേഗ പാതയിലാണ് ചരക്കുലോറി സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിറുത്തിയിരുന്നത്. ഡൈവേർഷൻ മേഖലയായിരുന്നിട്ടും മുന്നറിയിപ്പ് ബോർഡുകളോ മതിയായ റിഫ്ളക്ടറുകളോ വെളിച്ച സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. മേൽപ്പാലം ഇറങ്ങി വരുന്ന ഭാഗമായതിനാൽ ദൂരെനിന്ന് ഡൈവേർഷൻ തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ലോറി മുന്നിലുണ്ടെന്ന് തിരിച്ചറിയാൻ പോലും ഡ്രൈവറിന് അവസരം ലഭിച്ചില്ലെന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
കൊല്ലം സുധിയും
ഇന്നത്തെ ദുരന്തം നടന്ന സ്ഥലത്തിന് സമീപം തന്നെയാണ് രണ്ട് വർഷം മുമ്പ് മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്.
2023 ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടസ്ഥലത്ത് നിന്ന് ഏകദേശം നൂറു മീറ്റർ അകലെയായിരുന്നു ആ ദുരന്തവും.
നാട്ടികയിലും ഇതേ ചിത്രം
ദേശീയപാതയിലെ നിർമ്മാണത്തിനിടെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചകൾ വലിയ ദുരന്തത്തിന് വഴിവെച്ച മറ്റൊരു സംഭവവും നടന്നിരുന്നു.
2024 നവംബർ 26ന് നാട്ടികയിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡർ തകർത്ത് റോഡരികിൽ കിടന്നുറങ്ങിയിരുന്ന സംഘത്തിനിടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ അഞ്ചുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റിരുന്നു. പെരുമ്പാവൂരിലേക്ക് തടി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡിവൈഡർ തകർത്ത് ഏകദേശം 50 മീറ്റർ ലോറി മുന്നോട്ട് പോയ ശേഷമാണ് റോഡിൽ ഉറങ്ങിയിരുന്ന പതിനൊന്നംഗ സംഘത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.
താങ്ങാനാകാതെ ഹരിഹരൻ
തൃശൂർ: അപകടവിവരമറിഞ്ഞ നിമിഷം മുതൽ പ്രതീക്ഷയും ആശങ്കയും മാറിമാറി. എന്നാൽ ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ ചേട്ടന്റെ ചേതനയറ്റ ശരീരം കണ്ടതോടെ ഹരിഹരന് പിടിച്ചുനിൽക്കാനായില്ല. സൂര്യയുടെ മൃതദേഹം കണ്ട് ഹരിഹരൻ വാവിട്ടുനിലവിളിച്ചത് കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു. അപകടത്തിൽ സൂര്യ മരിച്ചതിന്റെ വിവരമറിഞ്ഞ് ഇന്നലെ പുലർച്ചെ മൂന്നോടെ അച്ഛൻ ഇയ്യപ്പനും അമ്മ മീനയും സഹോദരൻ ഹരിഹരനും ബന്ധുക്കളോടൊപ്പം തൃശൂരിലെത്തി. ഇന്ന് രാവിലെ ഒൻപതോടെ മെഡിക്കൽ കോളേജിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അപകടത്തിന് തൊട്ടുമുൻപുവരെ സൂര്യ അനുജനുമായി സംസാരിച്ചിരുന്നു. മകന്റെ വേർപാടിൽ തളർന്ന ഇയ്യപ്പനെയും മീനയെയും ഹരിഹരനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പണിപ്പെട്ടു.അമ്മ മീനയെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നേരിട്ടെത്തി ആശ്വസിപ്പിച്ചു. മൈക്ക് സെറ്റ് വാടകയ്ക്ക് നൽകുന്ന ജോലിയാണ് സൂര്യയുടെ പിതാവിന്. അമ്മ സ്വകാര്യകമ്പനി ജീവനക്കാരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |