നെടുങ്കണ്ടം: മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് അനൗപചാരിക പ്രീസ്‌കൂൾ വിദ്യാഭ്യാസം നൽകുകയും അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അടിത്തറയിടുകയും ചെയ്യുന്ന അങ്കണവാടി അദ്ധ്യാപകർക്ക് അദ്ധ്യാപക ദിനത്തിൽ വേറിട്ട ആദരവൊരുക്കി പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂൾ. വിദ്യാർത്ഥികളുടെ ആദ്യ അക്ഷരമുറ്റമായ മുപ്പതിലധികം അങ്കണവാടികളിലാണ് അദ്ധ്യാപക ദിനത്തിൽ പച്ചടി സ്‌കൂളിൽ നിന്നുള്ള സംഘമെത്തിയത്. തങ്ങളെ ആദ്യമായി അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ അങ്കണവാടി അദ്ധ്യാപകരെ നേരിൽ കണ്ട് ആദരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ. ചടങ്ങിനോടനുബന്ധിച്ച് അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്കും അദ്ധ്യാപകർക്കും മധുരവിതരണവും നടത്തി. സ്‌കൂൾ മാനേജർ സജി ചാലിലിന്റെയും ഹെഡ്മാസ്റ്റർ പി.കെ. ബിജുവിന്റെയും സീനിയർ അസിസ്റ്റന്റ് കെ.വി. സതീഷിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |