ചാത്തന്നൂർ: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന ഫിറ്റ്നസ് ടെസ്റ്റിൽ 83.25 ശതമാനം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി 639വാഹനങ്ങൾ പരിശോധന നടത്തിയതിൽ 532വാഹനങ്ങൾ ടെസ്റ്റ് പാസായപ്പോൾ 106 വാഹനങ്ങൾ പുനർ പരിശോധനയ്ക്കായി തിരിച്ചയച്ചു.
ജില്ലയിൽ പൂയപ്പള്ളിയിലും ശാസ്‌താംകോട്ട ഭരണിക്കാവിലുമാണ് എ.ടി.എസുകൾ പ്രവർത്തിക്കുന്നത്. ഓട്ടോറിക്ഷ ഗുഡ്സ് വാഹനമാണ് കൂടുതലായും എത്തിയത്. 272 വാഹനങ്ങൾ ടെസ്റ്റ് ചെയ്തപ്പോൾ 240 എണ്ണം പാസായി. 27 എണ്ണം പുനർ പരിശോധനയ്ക്കായി തിരിച്ചയച്ചു. ഇരുചക്രവാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ടെസ്റ്റ് തുടങ്ങാള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും വകുപ്പ് തല സാങ്കേതിക പ്രശ്നങ്ങളാൽ വൈകുകയാണ്.
ആർ.ടി.ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥർ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്‌നസ് പരിശോധനകൾക്ക് പകരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയുള്ള സംവിധാനത്തിൽ ഒന്നര ഏക്കർ ഭൂമിയിലാണ് ഓരോ എ.ടി.എസും പ്രവർത്തിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് റോഡ് സുരക്ഷയിൽ ശ്രദ്ധിക്കാം
ജില്ലയിലെ കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, പത്തനാപുരം, കൊട്ടാരക്കര, പുനലൂർ, ചടയമംഗലം എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് നേരത്തെ ഫിറ്റ്നസ് പരിശോധന നടന്നിരുന്നത്. ഒരു എം.വി.ഐക്കും രണ്ട് എ.എം.വി.ഐക്കും വീതമായിരുന്നു ചുമതല. ഫിറ്റ്നസ് പരിശോധനയ്ക്ക് നീക്കിവച്ചിരുന്ന സമയം ഉദ്യോഗസ്ഥർക്ക് ഇപ്പോൾ റോഡ് സുരക്ഷ അടക്കമുള്ള മറ്റ് ജോലികൾക്ക് വിനിയോഗിക്കാം.
വാഹനം, എത്തിയത്, പാസായത്
ലൈറ്റ് ഗുഡ്സ് വെഹിക്കിൾ- 208, 165
ലൈറ്റ് പാസഞ്ചർ വെഹിക്കിൾ- 84, 68
മീഡിയം ഗുഡ്സ് വെഹിക്കിൾ- 23, 15
മീഡിയം പാസഞ്ചർ വെഹിക്കിൾ- 10, 8
ഹെവി ഗുഡ്സ് വെഹിക്കിൾ- 33, 31
ഹെവി പാസഞ്ചർ വെഹിക്കിൾ- 9, 6
പതിനഞ്ച് വർഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മാത്രമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം അതും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറും.
ആർ.ടി.ഒ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |