കൊല്ലം: സംസ്ഥാനമാകെ ചുട്ടുപൊള്ളുമ്പോൾ പുനലൂരിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 36.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ഇത് സാധാരണയേക്കാൾ 4.6 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
കാലവർഷം അകന്നുനിൽക്കുന്നതുമൂലമുള്ള മഴക്കുറവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അസഹനീയമായ ചൂടിനൊപ്പം മഴലഭ്യതയിലുണ്ടായ വൻ ഇടിവ് ജനജീവിതത്തെയും കൃഷിയെയും ഒരുപോലെ ബാധിച്ചു.സംസ്ഥാനത്ത് ജൂൺ 1 മുതൽ സെപ്തംബർ 16 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 27 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1898.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1378.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
ജില്ലയിൽ സീസണിൽ സാധാരണ ലഭിക്കേണ്ട 1140.5 മില്ലി മീറ്റർ മഴയ്ക്ക് പകരം 721.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ജില്ലയിൽ 37 ശതമാനമാണ് മഴക്കുറവ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഈ സാഹചര്യം 'ഡെഫിഷ്യന്റ്' (Deficient) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് വയനാട് ജില്ലയിലാണ്, 53%. ഇടുക്കിയിൽ 47%, ആലപ്പുഴയിൽ 32 % എന്നിങ്ങനെയാണ് മറ്റ് പ്രധാന കുറവുകൾ.
എങ്കിലും 20ന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാദ്ധ്യതയുള്ള പുതിയ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാത അനുസരിച്ച് കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
ആരോഗ്യവും ശ്രദ്ധിക്കണം
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളമോ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങളോ കുടിക്കണം
പഴങ്ങളും ജ്യൂസുകളും ശീലമാക്കുക
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ധരിക്കുക
കണ്ണിന്റെയും മുഖത്തിന്റെയും സംരക്ഷണത്തിന് സൺഗ്ലാസും സൺസ്ക്രീനും ഉപയോഗിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |