
കൊല്ലം: എഴുകോണിലെ വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. കാെല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി (25), ആക്കോലിൽ എം.ബി ഭവനത്തിൽ സുധീഷ് (22, പക്രു), കൂട്ടിക്കട പീടികമുക്കിൽ പടിയിൽ വീട്ടിൽ മുബാറക്ക് (25) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബർ 14ന് പുലർച്ചെയായിരുന്നു മോഷണം. എഴുകോണിലെ മാക് മെറ്റൽ കമ്പനി, മാക് ട്രേഡിംഗ് കമ്പനി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. റൂറൽ എസ്.പി ഷാജി സുഗുണന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ഷെരീഫിന്റെ മേൽനോട്ടത്തിൽ മൂന്ന് സ്ക്വാഡുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവ സ്ഥലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് പ്രതികളിലേക്ക് എത്തിയത്.
രണ്ട് കിലോമീറ്റർ അകലെ റെയിൽവേ പാളത്തിലൂടെ പ്രതികൾ മോഷണത്തിനായി നടന്നുവരുന്നതിന്റെയും മോഷണശേഷം തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചതാണ് വഴിത്തിരിവായത്. കൊല്ലം പട്ടണത്തിൽ സമാന രീതിയിലെ മോഷണം നടത്തിയശേഷം പ്രതികൾ രക്ഷപ്പെട്ടത് അന്വേഷണത്തിനിടെ ബോദ്ധ്യപ്പെട്ടിരുന്നു. 13ന് രാത്രി വാളത്തുംഗലിൽ നിന്ന് കാറിൽ വന്ന പ്രതികൾ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ചു. പിന്നീടാണ് നെടുമ്പായിക്കുളം വഴി കോട്ടകുഴി പള്ളിക്ക് സമീപം കാർ പാർക്ക് ചെയ്ത ശേഷം റെയിൽവേ പാളം വഴി നടന്ന് മോഷണത്തിനെത്തിയത്.
നേരത്തെ കണ്ടുവച്ചിരുന്ന സ്ഥാപനത്തിലാണ് മോഷണം നടത്തിയത്. മാക് മെറ്റൽ കമ്പനിയുടെ പിൻഭാഗത്തെ ഷീറ്റ് പൊളിച്ചാണ് അകത്ത് കടന്നത്. മോഷണശേഷം അരമണിക്കൂറോളം ഇവിടെ തങ്ങി. പിന്നീട് പുറത്തിറങ്ങി തോടുവഴി മാക് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെത്തി. അവിടെ നിന്ന് മരത്തിലൂടെ സ്ഥാപനത്തിന് മുകളിലെത്തുകയും ആസ്ബറ്റോസ് ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന 6,13,570 രൂപ അപഹരിക്കുകയുമായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |