കൊല്ലം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം പിറന്നത് ഏഴ് മീറ്റ് റെക്കാഡുകൾ. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 200 പോയിന്റുമായി മുന്നിൽത്തന്നെയുണ്ട്. 191 പോയിന്റുമായി മലപ്പുറവും 150 പോയിന്റുമായി തിരുവനന്തപുരം തൊട്ടുപിന്നിലുണ്ട്. 131 പോയിന്റുമായി തൃശൂരാണ് നാലാം സ്ഥാനത്ത്.
എട്ട് സ്വർണവും 10 വെള്ളിയും ഒൻപത് വെങ്കലവും കരസ്ഥമാക്കിയാണ് പാലക്കാടിന്റെ മുന്നേറ്റം. മലപ്പുറത്തിന് അഞ്ച് സ്വർണവും 13 വെള്ളിയും 10 വെങ്കലവുമുണ്ട്. തിരുവനന്തപുരം എട്ട് സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവും നേടി.
അണ്ടർ 15 ബോയ്സ് 80 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ഗൗരേഷ് ബിനോയ് 10.89 സെക്കൻഡ് എന്ന മീറ്റ് റെക്കാഡ് തകർത്ത് 10.57 സെക്കൻഡിൽ സ്വർണമണിഞ്ഞു. വെള്ളി നേടിയ പാലക്കാടിന്റെ ആർ.വൈഭവ് ദേവും മീറ്റ് റെക്കോഡ് മറികടന്ന് 10.81 സെക്കൻഡിൽ ഫിനിഷ് ചെയ്തു. അണ്ടർ 20 ഗേൾസ് പോൾവോൾട്ടിൽ സ്വന്തം റെക്കാർഡ് തിരുത്തി എറണാകുളത്തിന്റെ ജീന ബേസിൽ സ്വർണം അണിഞ്ഞു. 3.55 മീറ്ററായിരുന്നു റെക്കാഡ്. ഇന്നലെ 3.85 മീറ്ററിലേക്ക് കുതിച്ചാണ് ജീന പുതിയ മീറ്റ് റെക്കാർഡ് സ്വന്തമാക്കിയത്. അണ്ടർ 20 ബോയ്സ് 110 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്റെ ഫസലുൽ ഹഖ് 13.82 സെക്കൻഡിൽ ദൂരം പിന്നിട്ടു. 13.84 സെക്കൻഡിന്റെ റെക്കാഡാണ് തകർത്തത്. അണ്ടർ 18 ഗേൾസ് ഹെപ്റ്റാത്തലണിലാണ് മറ്റ് മീറ്റ് റെക്കാഡുകൾ. സ്വർണം നേടിയ ആലപ്പുഴയുടെ അനാമിക അജേഷ്, വെള്ളി നേടിയ ഇടുക്കിയുടെ അബിയ ആൻ ജിജി എന്നിവർ പോയിന്റ് നിലയിൽ പുതിയ റെക്കാഡിലെത്തി. 4x100 മീറ്റർ റിലേയിലാണ് മറ്റൊരു റെക്കാഡ്.
അണ്ടർ 18 പുരുഷ, വനിത സംഘങ്ങളുടെ 3000 മീറ്റർ റേസ് വാക്കോടെ ഇന്ന് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് അണ്ടർ 16 ഗേൾസ്, ബോയ്സ് വിഭാഗങ്ങളുടെ റേസ് വാക്ക്. വിവിധ വിഭാഗങ്ങളുടെ ഹർഡിൽസ്, ലോംഗ് ജംപ്, ഹൈ ജംപ്, ജാവ്‍ലിൻ ത്രോ, ഹാമർ ത്രോ തുടങ്ങിയ മത്സരങ്ങൾ ഉച്ചയ്ക്ക് മുമ്പ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |