കുന്നത്തൂർ: ടൂറിസം മന്ത്രി പി.സി.വിഷ്ണു നാഥിനും ഉല്ലാസ് കോവൂർ എം.എൽ.എയ്ക്കും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിനും ജന്മനാടായ കോവൂർ ഗ്രാമത്തിന്റെ സ്‌നേഹാദരവ്. കോവൂർ ഗ്രാമത്തിലെ പ്രതിഭകളെ ആദരിക്കുന്ന 'കോവൂർപ്പെരുമ' യുടെ ഭാഗമായാണ് മന്ത്രിക്കും എം.എൽ.എയ്ക്കും ഡി.സി.സി പ്രസിഡന്റിനും സ്വീകരണമൊരുക്കിയത്. മാതാവിന്റെ നാടായ കോവൂരിലാണ് മന്ത്രി പി.സി. വിഷ്ണു നാഥ് ജനിച്ചത്. ഉല്ലാസ് കോവൂർ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും ജനിച്ചതും വളർന്നതും കർമ്മ മണ്ഡലമാക്കിയതുമെല്ലാം കോവൂർ തന്നെ. മൂവരും ഒരു വേദിയിൽ സംഗമിച്ചപ്പോൾ അത് നാട്ടുകാർക്കും ആഹ്ലാദകാഴ്ചയായി. കോവൂർപ്പെരുമയുടെ ഉദ്ഘാടനം മന്ത്രി പി.സി.വിഷ്ണുനാഥ് നിർവഹിച്ചു. ചടങ്ങിൽ ഉല്ലാസ് കോവൂർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ രവീന്ദ്രൻ, മൈനാഗപ്പളി പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ, പി.രാജേന്ദ്രപ്രസാദ്, തുളസീധരൻ പിള്ള, പി.എസ് ഗോപകുമാർ,എബി പാപ്പച്ചൻ,ബിജിമോൾ,ജിജി എന്നിവർ സംസാരിച്ചു. കോവൂർ ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ളയാൾ,റാങ്ക് നേടിയവർ, പി.എസ്.സി വഴി ജോലി ലഭിച്ചവർ,എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ,മികച്ച ക്ഷീര കർഷക,കുടുംബശ്രീ,ആശാ പ്രവർത്തകർ,ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങി 80 വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന നൃത്താവിഷ്ക്കാരം ചടങ്ങിന് മിഴിവേകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |