SignIn
Kerala Kaumudi Online
Saturday, 24 October 2026 2.23 PM IST

കൊട്ടാരക്കരയിലെ ഡ്രൈവിംഗ് ടെസ്റ്റ് ചെളിക്കുണ്ടിൽ

photo
കൊട്ടാരക്കരയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തെ ചെളിക്കുണ്ട്

കൊല്ലം: കൊട്ടാരക്കരയിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് ചെളിക്കുണ്ടിൽ, കുറ്റിക്കാട് വളർന്നതിൽ ഇഴജന്തുക്കളുടെ ശല്യവും. പുലർച്ചെ ഡ്രൈവിംഗ് ടെസ്റ്റിനായി എത്തുന്നവർ തീർത്തും ബുദ്ധിമുട്ടിൽ. എം.സി റോഡിന് സമീപത്തായി കൊട്ടാരക്കര കരിക്കം ഭാഗത്താണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്. മാസം കാൽ ലക്ഷം രൂപയ്ക്ക് ഡ്രൈവിംഗ് സ്കൂളുകൾ വാടകയ്ക്ക് എടുത്ത സ്ഥലമാണ് ടെസ്റ്റ് നടത്താനായി മോട്ടോർ വാഹന വകുപ്പ് ഉപയോഗിച്ചുവരുന്നത്. ആദ്യം മൈലത്തും പിന്നീട് നെല്ലിക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളുണ്ടായിരുന്നു. 2017 മുതലാണ് കരിക്കം ഭാഗത്ത് നടത്തിവരുന്നത്. മുൻപ് നിലമായിരുന്നു ഇവിടം. മണ്ണിട്ട് നിരത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായി ഉപയോഗിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ചെറിയ മഴ പെയ്താലും ഇവിടെ വലിയ തോതിൽ വെള്ളക്കെട്ടാകും. ഇപ്പോൾ ചെളിക്കുണ്ടായി ഇവിടം മാറിയിട്ടുണ്ട്. ഇതിലൂടെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് ആളുകൾ എത്തേണ്ടത്. 'എച്ച്' എടുക്കാനായി സജ്ജമാക്കിയ ഭാഗത്ത് കുറ്റിക്കാട് വളർന്നു. വാഹനം ഓടുന്ന ഭാഗത്ത് മാത്രമാണ് കാടില്ലാത്തത്. മിക്കപ്പോഴും ഇഴജന്തുക്കളുടെ ശല്യമുണ്ടാകുന്നതായും പരാതികളുണ്ട്. പുലർച്ചെ ആറ് മുതൽ ഡ്രൈവിംഗ് ടെസ്റ്റിനായി ആളുകളെത്തും. വെളിച്ചമില്ലാത്ത ഭാഗമാണ്. അതുകൊണ്ടുതന്നെ കുറ്റിക്കാട് വളർന്നതിന്റെ ബുദ്ധിമുട്ടുകളും ഏറെയാണ്.

 ഉദ്യോഗസ്ഥരുടെ അലംഭാവം, ഇടനിലക്കാരുടെ ബഹളം

നിശ്ചയിക്കുന്ന ദിവസങ്ങളിൽ 80 പേർക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കാറുള്ളത്. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറും അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറും ടെസ്റ്റ് നടത്താനായി എത്തും. കൈക്കൂലി ആരോപണ വിധേയരായി, വിജിലൻസ് അന്വേഷണം നടക്കുന്ന ഉദ്യോഗസ്ഥനും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുണ്ടെന്നും ആക്ഷേപമുണ്ട്. ഇദ്ദേഹത്തെ ചുറ്റിപ്പറ്റി ഇടനിലക്കാരും സജീവം. ഡ്രൈവിംഗ് സ്കൂളിനെ പ്രതിനിധികരിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡില്ല. ടെസ്റ്റ് നടക്കുന്ന സമയത്ത് ഡ്രൈവിംഗ് സ്കൂളുകാരോ ഇടനിലക്കാരോ ഇടപെടരുതെന്ന് കർശന നിർദ്ദേശമുള്ളപ്പോഴും കൊട്ടാരക്കരയിൽ ഇവർ സജീവമാണ്.

 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം വേണം

മോട്ടോർ വാഹന വകുപ്പിന് സ്വന്തമായോ, വാടകയ്ക്കോ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം വേണമെന്നാണ് പൊതു ആവശ്യം. ഡ്രൈവിംഗ് സ്കൂളുകാർ വാടക നൽകുന്ന കേന്ദ്രത്തിൽ അവരുടെ താത്പര്യങ്ങൾ കൂടി സംരക്ഷിച്ചാണ് ഉദ്യോഗസ്ഥ‌ർ ഇടപെടുന്നത്. ഡ്രൈവിംഗിൽ വേണ്ടത്ര പരിചയമില്ലാത്തവർക്ക് 'കണ്ണടച്ച്' ലൈസൻസ് കൊടുക്കുന്ന നടപടികൾക്കും തടയിടണമെന്നാണ് ആവശ്യം.

 പ്രധാന പ്രശ്നങ്ങൾ

  • ചെറിയ മഴയിലും വലിയ വെള്ളക്കെട്ടും ചെളിക്കുണ്ടും.

  • 'എച്ച്' ട്രാക്കിൽ കുറ്റിക്കാടും ഇഴജന്തുക്കളുടെ ശല്യവും.

  • പുലർച്ചെ 6 മണിക്ക് എത്തുന്നവർക്ക് വെളിച്ചമില്ലായ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL