കൊല്ലം : ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന് കേന്ദ്ര സർക്കാർ ആന്റി ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രന് കെ.എം.എം.എൽ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ചൈനയിൽ നിന്നുള്ള വ്യാപകമായ ഇറക്കുമതി കാരണം തദ്ദേശീയ ഉത്പ്പന്നങ്ങൾക്ക് കടുത്ത വിപണി മാന്ദ്യം നേരിട്ട ഘട്ടത്തിൽ, എം.പിയുടെ നേതൃത്വത്തിൽ കെ.എം.എം.എൽ. മാനേജ്മെന്റും ട്രേഡ് യൂണിയനുകളും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. കേന്ദ്ര ഉത്തരവ് നിലവിൽ വരുന്നതോടെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം ഡയോക്സൈഡിന് ടണ്ണിന് 30,000 രൂപ മുതൽ 60,000 രൂപ വരെ വില വർദ്ധിക്കും. ഇത് ആഭ്യന്തര ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കാനും കെ.എം.എം.എല്ലിന് വലിയ സാമ്പത്തിക വളർച്ച കൈവരിക്കാനും സഹായകമാകും. ലഭിച്ച ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി ഉത്പ്പാദനക്ഷമതയും വിൽപ്പനയും വർദ്ധിപ്പിച്ച് കെ.എം.എം.എൽ. കൂടുതൽ മികച്ച നിലയിലേക്ക് വളരണമെന്ന് സ്വീകരണത്തിന് മറുപടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.
കമ്പനിപ്പടിയിൽ നടന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. യൂണിയൻ ജനറൽ സെക്രട്ടറി വി.സി. രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഇ.ജെ. സുധീഷ് കുമാർ, ആർ. ശ്രീജിത്ത്, മനോജ് മോൻ, സന്തോഷ് ഇടയിലമുറി, ജെ.അനീഷ്, വൈ. നജീം, അനൂബ്, ഷാജി എസ്. ഷാഹുൽ, സാലു എസ്. സുരാജ്, എസ്. സുരേഷ് ,വിമൽ കുമാർ, എൻ. ശ്രീരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്ടിയു യൂണിയൻ ട്രഷറർ സനൽ വടക്കുംതല ചടങ്ങിന് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |